
നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയോ സ്ഥാനാർത്ഥികളെയോ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപേ പീരുമേട് നിയോജകമണ്ഡലത്തിൽ സി.പി.ഐ. പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. പാർട്ടിയുടെ ചിഹ്നമായ അരിവാൾ നെൽക്കതിർ പതിപ്പിച്ച പോസ്റ്ററുകൾ നിരത്തിയാണ് പ്രവർത്തകർ രംഗത്തിറങ്ങിയിരിക്കുന്നത്. ഇടതുകോട്ടയായി അറിയപ്പെടുന്ന അയ്യപ്പൻകോവിൽ പഞ്ചായത്തിലാണ് ആദ്യമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. വരും ദിവസങ്ങളിൽ മണ്ഡലത്തിലുടനീളം ചുവരെഴുത്തുകളും ചിഹ്നം പതിപ്പിക്കലും നടത്തി പ്രചാരണം ശക്തമാക്കാനാണ് സി.പി.ഐ. നേതാക്കളുടെ തീരുമാനം.
കഴിഞ്ഞ നാല് തവണയായി സി.പി.ഐ. പ്രതിനിധികൾ വിജയിക്കുന്ന പീരുമേട്, ജില്ലയിൽ പാർട്ടി മത്സരിക്കുന്ന ഏക സീറ്റാണ്. അതുകൊണ്ടുതന്നെ തങ്ങളുടെ ശക്തികേന്ദ്രത്തിൽ വിജയം നിലനിർത്തുക എന്നത് പാർട്ടിയെ സംബന്ധിച്ച് അഭിമാനപ്രശ്നമാണ്. മുൻ എം.എൽ.എ. വാഴൂർ സോമന്റെ നിര്യാണത്തെത്തുടർന്ന് പുതിയ സ്ഥാനാർത്ഥിയാകും ഇത്തവണ ജനവിധി തേടുക. സി.പി.ഐ. ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരുകൾ സ്ഥാനാർത്ഥി പട്ടികയിൽ സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്.
Also Read: കാൻസർ ചികിത്സയിൽ വിപ്ലവം; കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
മറുഭാഗത്ത്, ഇത്തവണ പീരുമേട് മണ്ഡലത്തിൽ വലിയ പ്രതീക്ഷയാണ് കോൺഗ്രസ് വെച്ചുപുലർത്തുന്നത്. യു.ഡി.എഫ്. പ്രചാരണങ്ങളിലേക്ക് കടക്കുന്നതിന് മുൻപേ തന്നെ മണ്ഡലത്തിലെ പ്രധാന ചുവരുകളെല്ലാം ബുക്ക് ചെയ്ത് എൽ.ഡി.എഫ്. പ്രവർത്തകർ മുൻതൂക്കം നേടിക്കഴിഞ്ഞു. വാശിയേറിയ പോരാട്ടം നടക്കാൻ സാധ്യതയുള്ള മണ്ഡലമായതിനാൽ ഇരു മുന്നണികളും വളരെ നേരത്തെ തന്നെ തന്ത്രങ്ങൾ മെനഞ്ഞുതുടങ്ങി. വരും ദിവസങ്ങളിൽ പീരുമേട്ടിലെ രാഷ്ട്രീയ ചിത്രം കൂടുതൽ വ്യക്തമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
The post പീരുമേട് പിടിക്കാൻ ഇടതുമുന്നണി; യു.ഡി.എഫിനെ ഞെട്ടിച്ച് ചുവരെഴുത്തും പ്രചാരണവും സജീവം appeared first on Express Kerala.


