
600 വർഷം പഴക്കമുള്ള തേക്കുമരം കൊണ്ട് നിർമ്മിച്ച അപൂർവ്വമായ ഒരു ഊണ് മേശ നടൻ മോഹൻലാലിന് സമ്മാനമായി ലഭിച്ചു. തൃശൂർ ചേർപ്പ് പെരുമ്പിള്ളിശേരി സ്വദേശിയും സാജ് ടിമ്പേഴ്‌സ് ഉടമയുമായ എ.എ. കുമാരനാണ് തന്റെ സ്ഥാപനത്തിന്റെ 75-ാം വാർഷിക ഉപഹാരമായി ഈ വിശിഷ്ട സമ്മാനം ലാലിന് നൽകിയത്. കുമളി തോപ്രാംകുടിയിലെ സർക്കാർ കൂപ്പിൽ നിന്നും ലേലം ചെയ്‌തെടുത്ത ഈ കൂറ്റൻ തടി നേരത്തെ പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ പുതിയ വീടിന്റെ നിർമ്മാണത്തിനായാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. കൊച്ചിയിലെ മോഹൻലാലിന്റെ വസതിയിലാകും പഴമയുടെ പ്രൗഢിയുള്ള ഈ മേശ ഇനി സ്ഥാനം പിടിക്കുക.
മരത്തിന്റെ പഴക്കത്തെക്കുറിച്ച് വാർത്തകളിലൂടെ അറിഞ്ഞ മോഹൻലാൽ രണ്ടു മാസം മുൻപ് നേരിട്ട് കുമാരന്റെ കമ്പനിയിലെത്തി തടിയുടെ ബാക്കി ഭാഗങ്ങൾ അന്വേഷിച്ചിരുന്നു. 480 സെന്റീമീറ്റർ ചുറ്റളവും 20 മീറ്റർ നീളവുമുണ്ടായിരുന്ന തടിയുടെ അവശേഷിച്ച ഭാഗങ്ങൾ ഉപയോഗിച്ചാണ് കുമാരൻ ലാലിനായി ഈ മേശ രൂപപ്പെടുത്തിയത്. സമ്മാനം സ്വീകരിച്ച മോഹൻലാൽ സാജ് ടിമ്പേഴ്‌സിന് എഴുതി നൽകിയ ആശംസ കുറിപ്പും കുമാരൻ നന്ദിയോടെ ഓർക്കുന്നു. തിരുവുള്ളക്കാവ് ദേവസ്വം സെക്രട്ടറിയും പെരുവനം ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റും കൂടിയാണ് എ.എ. കുമാരൻ.
The post 600 വർഷം പഴക്കമുള്ള തേക്കിൽ വിരിഞ്ഞ അത്ഭുതം; മോഹൻലാലിന്റെ വീട്ടിലെ പുതിയ അതിഥി! appeared first on Express Kerala.


