
മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ പ്രമോഷൻ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനെതിരെ രൂക്ഷമായ വിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ രംഗത്തെത്തി. പ്രമുഖ നടൻ ബിജു മേനോന്റെ പേര് എടുത്തുപറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കരാറിൽ ഒപ്പിട്ട ശേഷം പ്രമോഷന് വരാതിരിക്കുന്നത് നിർമ്മാതാക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ബിജു മേനോന്റെ നിസ്സഹകരണം മൂലം ഒരു നിർമ്മാതാവിന് ചാനൽ വരുമാനത്തിൽ നിന്നും 25 ലക്ഷം രൂപയോളം നഷ്ടമായെന്നും, ഇത് ചെറിയ തുകയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘വലതുവശത്തെ കള്ളൻ’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടികളിലും ബിജു മേനോൻ പങ്കെടുത്തില്ലെന്ന് ഉണ്ണികൃഷ്ണൻ ആരോപിച്ചു. വേതന വ്യവസ്ഥകളിൽ തർക്കിക്കുന്നതിന്റെ പത്ത് ശതമാനം കാർക്കശ്യമെങ്കിലും കരാർ പ്രകാരം പ്രമോഷനിൽ പങ്കെടുക്കുന്ന കാര്യത്തിലും താരങ്ങൾ കാണിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സിനിമയുടെ പ്രമോഷൻ എന്നത് വെറുമൊരു ഔദാര്യമല്ല, മറിച്ച് കരാർ പ്രകാരമുള്ള ബാധ്യതയാണ്. ഇത്തരം നിസ്സഹകരണങ്ങൾ സിനിമാ വ്യവസായത്തെ ദോഷകരമായി ബാധിക്കുമെന്നും ഈ തെറ്റായ പ്രവണതകൾ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read: 600 വർഷം പഴക്കമുള്ള തേക്കിൽ വിരിഞ്ഞ അത്ഭുതം; മോഹൻലാലിന്റെ വീട്ടിലെ പുതിയ അതിഥി!
സിനിമകളുടെ ചിത്രീകരണം നീണ്ടുപോകുന്നതിന് പ്രധാന കാരണം അഭിനേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളാണെന്നും ബി. ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി. ഇത് പരിഹരിക്കാൻ നിർമ്മാതാക്കളും അഭിനേതാക്കളും ഉൾപ്പെട്ട പുതിയ സേവന-വേതന കരാർ ഉടൻ നടപ്പിലാക്കും. ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം വാങ്ങുന്ന എല്ലാ അഭിനേതാക്കളും ഈ കരാറിന്റെ ഭാഗമാകണം. ഷൂട്ടിംഗ് സമയക്രമത്തിൽ മാറ്റം വരുത്തുമെന്നും, പന്ത്രണ്ട് മണിക്കൂർ ജോലി സമയത്തിന് ശേഷം അധികസമയം ജോലി ചെയ്താൽ ഓവർടൈം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി. ഉണ്ണികൃഷ്ണന്റെ ഈ പരാതിയിൽ ബിജു മേനോൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
The post ബിജു മേനോൻ കാരണം നിർമ്മാതാവിന് 25 ലക്ഷം നഷ്ടം! പേരെടുത്തു പറഞ്ഞ് രൂക്ഷവിമർശനവുമായി ബി. ഉണ്ണികൃഷ്ണൻ appeared first on Express Kerala.


