
പാൻ ഇന്ത്യൻ സൂപ്പർതാരം പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്ത ‘ദ രാജാ സാബ്’ തിയേറ്ററുകളിൽ നേരിട്ട തിരിച്ചടിക്ക് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ മറുപടി നൽകുന്നു. റിലീസ് സമയത്ത് വലിയ തോതിലുള്ള വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ ചിത്രം നിലവിൽ ജിയോ ഹോട്‌സ്റ്റാറിലെ ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്താണ്. 350 കോടി രൂപയുടെ ബജറ്റിൽ ഒരുക്കിയ ചിത്രം ആഗോളതലത്തിൽ 208.39 കോടി രൂപ മാത്രമാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. ഒരു പ്രഭാസ് ചിത്രത്തെ സംബന്ധിച്ചിടത്തോളം കളക്ഷനിലെ ഈ ഇടിവ് ആരാധകരെ നിരാശപ്പെടുത്തിയിരുന്നെങ്കിലും, ഒടിടിയിലെ ഈ അപ്രതീക്ഷിത കുതിപ്പ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
കളക്ഷൻ കണക്കുകൾ പരിശോധിക്കുമ്പോൾ തെലുങ്ക് മണ്ണിൽ ചിത്രം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു എന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. തെലുങ്കിൽ നിന്ന് മാത്രം 120 കോടി രൂപ സ്വന്തമാക്കാൻ ചിത്രത്തിന് സാധിച്ചു. എന്നാൽ പ്രഭാസിന്റെ വലിയ വിപണിയായ ഹിന്ദി ബെൽറ്റിൽ വെറും 17.5 കോടി രൂപ മാത്രമാണ് ചിത്രം നേടിയത്. സാമ്പത്തികമായി വലിയ നഷ്ടം നേരിട്ടെങ്കിലും, റിലീസിന് മുൻപേ നടന്ന ബിസിനസ്സ് നിർമ്മാതാക്കൾക്ക് ആശ്വാസമായി. 160 കോടി രൂപയ്ക്ക് ജിയോ ഹോട്‌സ്റ്റാർ ഡിജിറ്റൽ റൈറ്റ്‌സ് സ്വന്തമാക്കിയപ്പോൾ, തിയേറ്ററിക്കൽ റൈറ്റ്‌സ് ഇനത്തിൽ 180 കോടി രൂപയും ചിത്രത്തിന് ലഭിച്ചിരുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഭാസ് കോമഡി ജോണറിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ‘ദ രാജാ സാബ്’. ആക്ഷൻ, ഹൊറർ, കോമഡി ഘടകങ്ങൾ സമന്വയിപ്പിച്ച ചിത്രത്തിൽ മലയാളികൾക്ക് പ്രിയങ്കരിയായ മാളവിക മോഹനനാണ് നായികയായി എത്തിയത്. മാരുതിയും പ്രഭാസും ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൽ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, നിധി അഗർവാൾ, സറീന വഹാബ്, ബ്രഹ്മാനന്ദൻ തുടങ്ങിയ വൻ താരനിരയും അണിനിരന്നിരുന്നു. ഒടിടിയിൽ മികച്ച പ്രതികരണം നേടുമ്പോഴും, ചിത്രത്തിലെ ഉള്ളടക്കത്തെ ചൊല്ലിയുള്ള ട്രോളുകൾക്ക് ഇപ്പോഴും കുറവില്ലെന്നതാണ് വസ്തുത.
The post തിയേറ്ററിൽ വീണെങ്കിലും ഒടിടിയിൽ രാജാവായി പ്രഭാസ്; ‘ദ രാജാ സാബ്’ ട്രെൻഡിംഗിൽ ഒന്നാമത്! appeared first on Express Kerala.


