
ബെംഗളൂരു: നെലമംഗലയിൽ മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഹസ്കൂർ സ്വദേശിനി ജ്യോതി (45) ആണ് മരിച്ചത്. ഇവരുടെ എട്ടര പവൻ തൂക്കം വരുന്ന താലിമാലയാണ് മോഷ്ടാക്കൾ കവർന്നത്.
രാവിലെ ആറ് മണിയോടെ വീടിന് പുറത്ത് അടിച്ചുവാരാൻ ഇറങ്ങിയ ജ്യോതിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. മാല പിടിച്ചുപറിക്കുന്നതിനിടെ താഴെ വീണ ജ്യോതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മദനായ്ക്കനഹള്ളി പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ആനേക്കലിന് സമീപം അത്തിബലയിലും സമാനമായ മോഷണം നടന്നു. കടയിൽ നിന്ന് മടങ്ങുകയായിരുന്ന സ്ത്രീയുടെ അഞ്ച് പവൻ മാലയാണ് ബൈക്കിലെത്തിയ മോഷ്ടാവ് കവർന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
The post ബെംഗളൂരുവിൽ മാല മോഷണത്തിനിടെ വീട്ടമ്മയെ തള്ളിയിട്ടു കൊന്നു; എട്ടര പവൻ സ്വർണ്ണം കവർന്നു appeared first on Express Kerala.


