
കുവൈത്തിലെ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും ബാധകമായ റെസിഡൻസി നിയമങ്ങളിൽ ആഭ്യന്തര മന്ത്രാലയം സുപ്രധാന മാറ്റങ്ങൾ വരുത്തി. മാതാപിതാക്കളുടെ വിസ പുതുക്കുന്നതിനുള്ള വാർഷിക ഫീസ് 300 കുവൈറ്റ് ദിനാറായി വർദ്ധിപ്പിച്ചതാണ് പുതിയ ഉത്തരവിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം. കാലാവധി കഴിഞ്ഞ വിസകൾ ആദ്യതവണ പുതുക്കുമ്പോൾ നേരിട്ട് ഹാജരാകണമെന്ന നിബന്ധനയും നിലവിൽ വന്നു. എന്നാൽ, പ്രവാസികളുടെ ഭാര്യയും മക്കളും ഉൾപ്പെടുന്ന ആർട്ടിക്കിൾ 22 വിഭാഗത്തിന് വാർഷിക ഇഖാമ ഫീസ് 20 ദിനാറായി തുടരും. കുടുംബത്തെ സ്പോൺസർ ചെയ്യുന്നതിന് പ്രവാസികൾക്ക് കുറഞ്ഞത് 800 ദിനാർ മാസശമ്പളം ഉണ്ടായിരിക്കണമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.
കുവൈത്ത് പൗരന്മാരുടെ വിദേശികളായ പങ്കാളികൾക്കും കുവൈത്തി പൗരന്മാരുടെ വിധവകളോ വിവാഹമോചിതരോ ആയ വിദേശ വനിതകൾക്കും 15 ദിനാർ മാത്രമാണ് വാർഷിക ഫീസ്. അതേസമയം, വിദേശി നിക്ഷേപകർക്കും വസ്തു ഉടമകൾക്കുമായി 10 മുതൽ 15 വർഷം വരെ കാലാവധിയുള്ള ദീർഘകാല വിസകൾ അനുവദിക്കാനുള്ള പുതിയ ആർട്ടിക്കിൾ ഉടൻ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം അറിയിച്ചു. കുവൈത്ത് പൗരന്മാരുടെ അമ്മ വഴിയുള്ള ബന്ധുക്കൾക്ക് ആർട്ടിക്കിൾ 27 പ്രകാരം ഫീസില്ലാതെ താമസാനുമതി നൽകുന്നതുൾപ്പെടെയുള്ള ഇളവുകളും പുതിയ പരിഷ്കാരത്തിലുണ്ട്.
The post കുവൈത്തിൽ പുതിയ താമസ നിയമം! മാതാപിതാക്കളുടെ വിസ പുതുക്കാൻ 300 ദിനാർ; നിക്ഷേപകർക്ക് ദീർഘകാല വിസ appeared first on Express Kerala.


