loader image
“ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല”; വടകര വേണ്ടെന്ന് വെച്ച് എം.വി. ശ്രേയാംസ് കുമാർ

“ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല”; വടകര വേണ്ടെന്ന് വെച്ച് എം.വി. ശ്രേയാംസ് കുമാർ

നി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ആർ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ പ്രഖ്യാപിച്ചു. ആർജെഡി നേതൃയോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ നിർണ്ണായക തീരുമാനം അറിയിച്ചത്. വടകര മണ്ഡലത്തിൽ മത്സരിക്കണമെന്ന നിർദ്ദേശം ഇടത് മുന്നണിയുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും അത് സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജീവിതത്തിൽ ചില മുൻഗണനകൾ നിശ്ചയിക്കേണ്ട സമയമെത്തിയതിനാലാണ് ഈ തീരുമാനമെന്നും, എന്നാൽ രാഷ്ട്രീയത്തിലും സാമൂഹ്യ പ്രവർത്തനങ്ങളിലും താൻ സജീവമായി തുടരുമെന്നും ശ്രേയാംസ് കുമാർ കൂട്ടിച്ചേർത്തു.

മുന്നണിയിൽ പാർട്ടിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന രൂക്ഷമായ വിമർശനവും യോഗത്തിൽ ഉയർന്നു. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് കാരണം എൽഡിഎഫിലെ അച്ചടക്കമില്ലായ്മയാണെന്ന് ആർജെഡി ജനറൽ സെക്രട്ടറി വർഗീസ് ജോർജ് ആരോപിച്ചു. ആർജെഡി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ മനഃപൂർവ്വമായ ശ്രമങ്ങൾ നടന്നുവെന്നും, റിബൽ സ്ഥാനാർത്ഥികളെ നിർത്തി പാർട്ടിയെ തകർക്കാൻ നോക്കിയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ശക്തിക്കനുസരിച്ച് സീറ്റ് വർദ്ധിപ്പിക്കാമെന്ന അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഉറപ്പ് പാലിക്കാൻ ഇന്നത്തെ സിപിഎം തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

See also  “മുസ്ലീങ്ങൾ ഏറ്റവും നല്ലവർ, വളരെ സ്‌നേഹമുള്ളവർ”; മതവിശ്വാസവും ബിസിനസ്സും ചർച്ച ചെയ്ത് രവി പിള്ള

Also Read: കള്ളൻ പോറ്റിക്ക് പിന്നിൽ ആര്? പഴിചാരി രക്ഷപ്പെടാൻ മുന്നണികൾ; ശബരിമല സ്വർണ്ണക്കൊള്ളയിൽ വിജിലൻസിനെ തള്ളി ബിജെപി

എൽഡിഎഫിൽ നാലാം സ്ഥാനമുള്ള ആർജെഡിക്ക് മന്ത്രിസ്ഥാനം നൽകാത്തതിൽ വലിയ അനീതി നടന്നുവെന്നും നേതൃത്വം ചൂണ്ടിക്കാട്ടി. കോവളം സീറ്റടക്കം പാർട്ടിക്ക് അർഹതപ്പെട്ടതാണെന്നും, സോഷ്യലിസ്റ്റുകൾ ഒന്നിക്കണമെന്ന് പറയുന്നവർ എന്തുകൊണ്ട് കേരള കോൺഗ്രസിനോട് അത് ആവശ്യപ്പെടുന്നില്ലെന്നും നേതാക്കൾ ചോദിച്ചു. മുന്നണിയിൽ അർഹമായ പരിഗണന ലഭിക്കണമെന്ന കർശന നിലപാടിലാണ് ആർജെഡി. അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പം തന്നെ പാർട്ടി ഉറച്ചുനിൽക്കുമെന്നും ശ്രേയാംസ് കുമാർ വ്യക്തമാക്കി.

The post “ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല”; വടകര വേണ്ടെന്ന് വെച്ച് എം.വി. ശ്രേയാംസ് കുമാർ appeared first on Express Kerala.

Spread the love

New Report

Close