
ഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് കർശന നിർദ്ദേശവുമായി സുപ്രീംകോടതി. ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ അസ്വാഭാവികമായ രീതിയിൽ വൻതുകയുടെ ഇടപാടുകൾ നടന്നാൽ ബാങ്കുകൾ ഉടൻ മുന്നറിയിപ്പ് നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഡിജിറ്റൽ അറസ്റ്റ് വിഷയത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഈ ഇടപെടൽ.
സാധാരണ ഗതിയിൽ ചെറിയ തുകകൾ മാത്രം കൈമാറ്റം ചെയ്യുന്ന അക്കൗണ്ടുകളിൽ നിന്ന് പെട്ടെന്ന് വൻ തുകകൾ പിൻവലിക്കപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്താൽ അത് ബാങ്കുകളുടെ ശ്രദ്ധയിൽപ്പെടണം. ഇതിനായി പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ബാങ്കുകൾ രൂപീകരിക്കണം. ഇത്തരം അസ്വാഭാവിക ഇടപാടുകൾ തടയേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്വമാണെന്നും കോടതി വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകൾ കൈകാര്യം ചെയ്യാൻ റിസർവ് ബാങ്ക് കൃത്യമായ മാനദണ്ഡങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഇതിനായുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ ആഭ്യന്തര മന്ത്രാലയത്തോട് കോടതി നിർദ്ദേശിച്ചു.
The post ഡിജിറ്റൽ അറസ്റ്റ്; ബാങ്കുകൾക്ക് സുപ്രീംകോടതിയുടെ സുപ്രധാന നിർദ്ദേശം, വൻകിട ഇടപാടുകളിൽ ഇനി നിരീക്ഷണം appeared first on Express Kerala.


