
ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുന്നു. കേസിൽ മൂന്ന് പേരെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ദ്വാരപാലക പാളി കേസിൽ രണ്ട് പേരും കട്ടിളപ്പാളി കേസിൽ ഒരാളുമാണ് പുതുതായി പ്രതികളാകുന്നത്. കുറ്റകൃത്യത്തിൽ ഇവരുടെ പങ്കാളിത്തം സ്ഥിരീകരിച്ചതായി വ്യക്തമാക്കുന്ന റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ചു.
അതേസമയം, കേസിലെ പ്രധാന തെളിവായ ദ്വാരപാലക പാളികൾ വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ അന്വേഷണസംഘം ഒരുങ്ങുകയാണ്. വി എസ് എസ് സിയുടെ നേരത്തെ നൽകിയ റിപ്പോർട്ടിലെ അവ്യക്തത പരിഹരിക്കാനാണ് മുംബൈയിൽ വീണ്ടും പരിശോധന നടത്തുന്നത്. സ്വർണ്ണം പൊതിഞ്ഞ പഴയ ചെമ്പ് പാളികൾ പൂർണ്ണമായും കടത്തിക്കൊണ്ട് പോയി പകരം പുതിയ പാളികൾ സ്ഥാപിച്ചതാണോ എന്ന കാര്യത്തിലാണ് നിലവിൽ ആശയക്കുഴപ്പമുള്ളത്. ഇതിനായി ഈ മാസം 12-ന് സാമ്പിളുകൾ ശേഖരിക്കും.
Also Read: റോയിയുടെ മരണം ഉൾക്കൊള്ളാനാകുന്നില്ല: ടി എ ജോസഫ്
പ്രതികൾ നേരത്തെ നൽകിയ മൊഴികൾ തെറ്റാണെന്ന് വിഎസ്എസ്സിയുടെ അന്തിമ ശാസ്ത്രീയ പരിശോധനാഫലം തെളിയിക്കുന്നുണ്ട്. ഇത് പ്രതികൾക്ക് തിരിച്ചടിയാകും. കേസിൽ പ്രതിയായ ഗോവർധന്റെ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതി കേസ് അടുത്ത 19-ന് വീണ്ടും പരിഗണിക്കും.
The post ശബരിമല സ്വർണക്കൊള്ള! അന്വേഷണം വ്യാപിപ്പിക്കുന്നു; മൂന്ന് പേർ കൂടി പ്രതിപ്പട്ടികയിലേക്ക് appeared first on Express Kerala.


