
തൃശൂർ: മതമല്ല വിശപ്പാണ് പ്രധാനമെന്ന ഇടതുപക്ഷ നിലപാടിനെ പരിഹസിച്ച് ദളിത് ചിന്തകൻ സണ്ണി എം. കപിക്കാട്. മനുഷ്യന് കേവലം ഭക്ഷണം മാത്രമല്ല, അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂരിൽ നടന്ന ‘ഗുരുമാനവീയം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നതെന്ന് ക്രിസ്തു പറയുന്നുണ്ട്. മതമല്ല വിശപ്പാണ് പ്രശ്നമെങ്കിൽ കുറച്ച് കപ്പ പുഴുങ്ങിക്കൊടുത്താൽ തീരാവുന്ന പ്രശ്നമേ കേരളത്തിലുള്ളോ? ഇത് അന്തസ്സിനെക്കുറിച്ചുള്ള ചോദ്യമാണ്. കുചേലവൃത്തം വഞ്ചിപ്പാട്ട് പാടി ഒരു ജനതയെ വഞ്ചിക്കാമെന്ന് ആരും കരുതേണ്ട,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ മുസ്ലീം വിഭാഗത്തിന് അന്തസ്സായി ജീവിക്കാനുള്ള അവകാശമുണ്ടെന്ന് അംഗീകരിക്കാൻ ഭരണകൂടങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചരിത്രപരമായ വസ്തുതകൾ മുൻനിർത്തിയായിരുന്നു സണ്ണി എം. കപിക്കാടിന്റെ വിമർശനം. ഭരണഘടനാ നിർമ്മാണ സഭയിൽ നിന്നും ഡോ. ബി.ആർ. അംബേദ്കറെ പുറത്താക്കാൻ നീക്കം നടന്നപ്പോൾ അദ്ദേഹത്തെ പിന്തുണച്ചത് മുഹമ്മദ് അലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അംബേദ്കറെപ്പോലൊരു പ്രതിഭാശാലിയുടെ സേവനം ഇന്ത്യക്ക് നഷ്ടമാകരുത് എന്ന് പറയാൻ അന്ന് ജിന്ന മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ ചരിത്രബോധം ഇന്ത്യയിലെയും കേരളത്തിലെയും ദളിതർക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മ്യൂണിസ്റ്റായാലും മറ്റാരായാലും ചരിത്രം മറന്നുകൊണ്ടുള്ള ഇത്തരം വാദങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
The post ‘വിശപ്പല്ല, പ്രശ്നം അന്തസ്സാണ്, വിശപ്പാണ് പ്രശ്നമെങ്കില്‍ കപ്പ പുഴുങ്ങിക്കൊടുത്താൽ പോരേ; ഇടതുപക്ഷത്തിനെതിരെ സണ്ണി എം. കപിക്കാട് appeared first on Express Kerala.


