
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസിലെ മൂന്നാം പ്രതിയായ ഇദ്ദേഹം, റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. പ്രത്യേക അന്വേഷണ സംഘം നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തത് വാസുവിന് അനുകൂലമായേക്കും. കേസിൽ ഇതിനോടകം തന്നെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ നാലുപേർക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.
കേസിലെ മറ്റൊരു പ്രതിയും മുൻ ദേവസ്വം സെക്രട്ടറിയുമായ ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുന്നത്. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. നിലവിൽ ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിട്ടുണ്ടെങ്കിലും, ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: പിഎം കെയറിൽ ചോദ്യങ്ങൾ വിലക്കി കേന്ദ്രം; പാർലമെന്റിൽ ഇന്നും പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം
തന്ത്രി കണ്ഠരര് രാജീവര് ഉൾപ്പെട്ട രണ്ട് കേസുകളിലെ ജാമ്യാപേക്ഷകളിന്മേലുള്ള വാദം ഇന്നലെ പൂർത്തിയായി. ഈ ഹർജികളിൽ ഈ മാസം 18-ന് കോടതി വിധി പ്രസ്താവിക്കും. സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട ഉന്നതതലത്തിലുള്ള വ്യക്തികളുടെ ജാമ്യനടപടികൾ ഒരേസമയം വിവിധ കോടതികളുടെ പരിഗണനയിലിരിക്കുന്നത് കേസ് അന്വേഷണത്തിൽ നിർണ്ണായകമാണ്.
The post എൻ. വാസു പുറത്തേക്കോ? ജാമ്യാപേക്ഷയിൽ ഇന്ന് വിധി appeared first on Express Kerala.


