
ആഗോള ടെക് ഭീമന്മാരായ ഓപ്പൺഎഐ, ഗൂഗിൾ എന്നിവയോട് കിടപിടിക്കുന്ന പ്രകടനവുമായി ഇന്ത്യയുടെ സ്വന്തം എഐ മോഡൽ ‘സർവം വിഷൻ’ ശ്രദ്ധേയമാകുന്നു. സങ്കീർണ്ണമായ ഫോണ്ടുകൾ, കൈയക്ഷരം, വിവിധ തരം ടെക്സ്റ്റ് ഡാറ്റ എന്നിവ തിരിച്ചറിയുന്നതിനായുള്ള ‘OmniDocBench v1.5’ ബെഞ്ച്മാർക്ക് പരിശോധനയിൽ 93.28 ശതമാനം സ്കോർ നേടിയാണ് സർവം വിഷൻ ലോകത്തെ ഞെട്ടിച്ചത്. ഇത് ചാറ്റ്ജിപിടി , ജെമിനി എന്നിവ നേടിയ സ്കോറുകളേക്കാൾ ഉയർന്നതാണെന്ന് സർവം എഐ സിഇഒ പ്രത്യുഷ് കുമാർ വ്യക്തമാക്കി.
ഇന്ത്യൻ ഭാഷകൾക്കും സ്ക്രിപ്റ്റുകൾക്കും പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ചതാണ് ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ. ഗൂഗിളിന്റെയും മറ്റും മോഡലുകൾ ട്രില്യൺ കണക്കിന് പാരാമീറ്ററുകളിൽ വിപുലമായ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, സർവം എഐ 3 ബില്യൺ പാരാമീറ്ററുകൾ ഉപയോഗിച്ച് ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചിത്രങ്ങളിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കാനും അവ വിവരിക്കാനും ഇതിന് മികച്ച കഴിവുണ്ട്. ഇന്ത്യൻ പ്രാദേശിക ഭാഷകളിലെ വൈവിധ്യങ്ങൾ തിരിച്ചറിയുന്നതിൽ ആഗോള മോഡലുകളേക്കാൾ വേഗതയും കൃത്യതയും പുലർത്താൻ ഇതിന് സാധിക്കുന്നു.
Also Read: ചൊവ്വയല്ല, ലക്ഷ്യം ഇനി ചന്ദ്രൻ; പത്ത് വർഷത്തിനുള്ളിൽ ചാന്ദ്രനഗരം നിർമ്മിക്കുമെന്ന് ഇലോൺ മസ്‌ക്
സർവം വിഷനൊപ്പം കമ്പനി അവതരിപ്പിച്ച ‘ബുൾബുൾ V3’ എന്ന ടെക്സ്റ്റ്-ടു-സ്പീച്ച് മോഡലും വലിയ പ്രതീക്ഷകളാണ് നൽകുന്നത്. പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ ഇന്ത്യൻ നിർമ്മിത എഐ, ആഗോളതലത്തിൽ പ്രവർത്തിക്കുന്ന വമ്പൻ മോഡലുകളേക്കാൾ ചില പ്രധാന ജോലികൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നു എന്നത് വലിയ നേട്ടമാണ്. വരും വർഷങ്ങളിൽ കൂടുതൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നതോടെ എഐ യുദ്ധക്കളത്തിൽ ഇന്ത്യ നിർണ്ണായക ശക്തിയായി മാറുമെന്ന സൂചനയാണ് ഈ വിജയം നൽകുന്നത്.
The post ചാറ്റ്ജിപിടിയെയും ജെമിനിയെയും വെല്ലാൻ ‘മെയ്ഡ് ഇൻ ഇന്ത്യ’ എഐ; വിപ്ലവം സൃഷ്ടിച്ച് സർവം വിഷൻ appeared first on Express Kerala.


