
ഡാളസ്: ട്വന്റി 20 ലോകകപ്പിൽ പാകിസ്ഥാന്റെ മെല്ലെപ്പോക്ക് നയം ടീമിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിക്കൊടുക്കുന്നു. യുഎസ്എയ്‌ക്കെതിരായ മത്സരത്തിനിടെ പുറത്തുവന്ന കണക്കുകൾ ബാബർ അസമിന്റെ പ്രസക്തിയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. ലോകകപ്പ് ചരിത്രത്തിൽ 500-ലധികം റൺസ് നേടിയ താരങ്ങളിൽ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റുള്ള (110) ബാറ്ററായി ബാബർ മാറിയിരിക്കുകയാണ്. ഒരു കാലത്ത് വിരാട് കോഹ്‌ലിയോട് ഉപമിക്കപ്പെട്ടിരുന്ന താരം, ഇന്ന് ആധുനിക ടി20 ക്രിക്കറ്റിന്റെ വേഗതയ്ക്കൊപ്പം സഞ്ചരിക്കാൻ കഴിയാതെ പാക്കിസ്ഥാൻ ബാറ്റിംഗ് നിരയിലെ ഏറ്റവും ദുർബലമായ കണ്ണിയായി മാറിയിരിക്കുന്നു എന്നതാണ് വാസ്തവം.
Also Read; ഇന്ത്യൻ താരങ്ങളുടെ ബാറ്റിൽ റബ്ബർ പാളിയെന്ന് ആരോപണം; വിവാദമായതോടെ മലക്കംമറിഞ്ഞ് ലങ്കൻ താരം
നെതർലൻഡ്‌സിനെതിരായ ആദ്യ മത്സരത്തിൽ 148 റൺസ് പിന്തുടരുമ്പോഴും യുഎസ്എയ്‌ക്കെതിരായ പോരാട്ടത്തിലും ബാബറിന്റെ ഇന്നിങ്സുകൾ സമാനമായിരുന്നു. അഞ്ചാം ഓവറിൽ ക്രീസിലെത്തി 18 പന്തിൽ 15 റൺസ് മാത്രം നേടിയ ബാബറിന്റെ ശൈലി, മറുവശത്ത് ആക്രമിച്ച് കളിച്ചിരുന്ന സാഹിബ്സാദ ഫർഹാന് അനാവശ്യ സമ്മർദ്ദം നൽകുകയും വിക്കറ്റ് നഷ്ടപ്പെടുത്താൻ പ്രേരിപ്പിക്കുകയും ചെയ്തു. അമേരിക്കയ്‌ക്കെതിരെയും ആദ്യ 18 പന്തിൽ വെറും 15 റൺസ് മാത്രമാണ് ബാബർ നേടിയത്. ഫ്രീ ഹിറ്റുകൾ പോലും ബൗണ്ടറി കടത്താൻ ശ്രമിക്കാതെ സിംഗിളുകൾക്കായി ഓടുന്ന ബാബറുടെ സമീപനം ആരാധകരെപ്പോലും അത്ഭുതപ്പെടുത്തുന്നുണ്ട്.
നിലയുറപ്പിക്കാൻ മൂന്ന് ഓവറുകളോളം പാഴാക്കുന്ന ബാബർ, ഇന്നിങ്സിന്റെ രണ്ടാം പകുതിയിൽ സ്കോറിംഗ് ഉയർത്തുന്നുണ്ടെങ്കിലും (ഹർമീത് സിംഗിന്റെ ഓവറിൽ 17 റൺസ് നേടിയതുപോലെ), തുടക്കത്തിലെ മന്ദഗതി ടീമിനെ സമ്മർദ്ദത്തിലാക്കുന്നു. ലോഫ്റ്റഡ് ഡ്രൈവുകൾക്ക് മുതിരാതെ ഗ്രൗണ്ട് ഷോട്ടുകളെ മാത്രം ആശ്രയിക്കുന്നതും സിക്സറുകൾ നേടാനുള്ള വിമുഖതയും ബാബറിനെ ഒരു ഏകദിന പ്ലെയറായി മാത്രം ഒതുക്കുന്നു. ബിഗ് ബാഷ് ലീഗിൽ സ്റ്റീവ് സ്മിത്ത് ബാബറിന് സിംഗിൾ നിഷേധിച്ചതും അദ്ദേഹത്തിന് സിക്സറുകൾ അടിക്കാനുള്ള ശേഷിയില്ലെന്ന് പരിഹസിച്ചതും ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്.
ഫഖർ സമാനെപ്പോലെയുള്ള വെടിക്കെട്ട് താരങ്ങൾ പുറത്തിരിക്കുമ്പോഴാണ് ബാബറിന്റെ ഈ മെല്ലെപ്പോക്ക് പാകിസ്ഥാനെ തളർത്തുന്നത്. നായകൻ സൽമാൻ അഗ ‘അഗ്രസീവ് ക്രിക്കറ്റാണ്’ ടീമിന്റെ നയമെന്ന് പ്രഖ്യാപിക്കുമ്പോഴും ബാബർ പഴയ ശൈലിയിൽ തുടരുന്നത് ടീമിന് തിരിച്ചടിയാണ്. സമാനമായ രീതിയിൽ കളിച്ചിരുന്ന മുഹമ്മദ് റിസ്വാനെ പുറത്തിരുത്തിയ സെലക്ടർമാർക്ക് ബാബറുടെ കാര്യത്തിലും ഇനി കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും. രോഹിത് ശർമ്മയെയും വിരാട് കോഹ്‌ലിയെയും പോലെ ശൈലി മാറ്റാൻ തയ്യാറായില്ലെങ്കിൽ, ബാബർ അസമിന്റെ കരിയറിലെ അവസാന ടി20 ലോകകപ്പായി ഇത് മാറാനാണ് സാധ്യത.
The post ടി20 ലോകകപ്പ് ‘തുഴച്ചിൽ’ തുടരുന്നു; ബാബർ അസം പാക്കിസ്ഥാന് ബാധ്യതയാകുന്നുവോ? appeared first on Express Kerala.


