
മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയുടെ പകർപ്പ് പ്രചരിച്ച സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം ശക്തമാക്കി. പുസ്തകത്തിന്റെ പിഡിഎഫ് പതിപ്പ് പുറത്തായതിനെക്കുറിച്ച് വിശദീകരണം തേടി പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസിന് പോലീസ് നോട്ടീസ് നൽകി. പ്രസാധന കരാർ, പുസ്തകം പുറത്തിറക്കാൻ സ്വീകരിച്ച നടപടികൾ എന്നിവ സ്പെഷ്യൽ സെൽ പരിശോധിക്കും. പ്രചരിക്കുന്ന പകർപ്പിൽ പെൻഗ്വിൻ ബുക്ക്സിന്റെ ലോഗോ ഉള്ളതിനാൽ ഇത് എവിടെ നിന്നാണ് ചോർന്നതെന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് പോലീസിന്റെ നീക്കം.
സംഭവം രാഷ്ട്രീയ വിവാദമായും മാറിയിരിക്കുകയാണ്. തന്റെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന ജനറൽ നരവനെയുടെ പ്രസ്താവന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ ആയുധമാക്കുകയാണ് ബിജെപി. സഭയിൽ രാഹുൽ ഗാന്ധി ഈ പുസ്തകം ഉയർത്തിക്കാട്ടിയതിൽ ദുരൂഹതയുണ്ടെന്നും ഔദ്യോഗികമായി പുറത്തിറങ്ങാത്ത പുസ്തകം അദ്ദേഹത്തിന് എങ്ങനെ ലഭിച്ചു എന്നും ബിജെപി ചോദിക്കുന്നു. എന്നാൽ, പുസ്തകം ആമസോണിൽ നിന്നാണ് ലഭിച്ചതെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചുനിൽക്കുകയാണ്. സർക്കാരിനെ ഭയന്നാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ജനറൽ നരവനെയെക്കൊണ്ട് പറയിപ്പിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിമർശിച്ചു.
Also Read: സംസാരിക്കാൻ അനുവദിച്ചതിൽ നന്ദിയെന്ന് രാഹുൽ ഗാന്ധി
പുസ്തകത്തിന്റെ പ്രീ-ഓർഡർ 2023 ഡിസംബറിൽ പ്രഖ്യാപിച്ചെങ്കിലും 2024 ജനുവരിയിൽ ഇത് റദ്ദാക്കിയിരുന്നു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ചോർന്ന വിവരങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം, പുസ്തകത്തിലെ വിവാദമായ ഉള്ളടക്കത്തെക്കുറിച്ച് ജനറൽ നരവനെ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
The post നരവനെയുടെ പുസ്തകച്ചോർച്ച: പ്രസാധകർക്ക് നോട്ടീസ് നൽകി ഡൽഹി പോലീസ്; അന്വേഷണം ഊർജ്ജിതം appeared first on Express Kerala.


