
സമ്പൂർണ്ണ ലിംഗനീതി ഉറപ്പാക്കി കേരളത്തെ ഒരു സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പുതിയ ‘വനിതാ നയം 2026’ പ്രഖ്യാപിച്ചു. 2009-ലെ വനിതാ നയത്തെ കാലാനുസൃതമായി പരിഷ്കരിച്ചുകൊണ്ടാണ് പുതിയ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതെന്ന് ആരോഗ്യ-വനിത ശിശുവികസന മന്ത്രി വീണാ ജോർജ് അറിയിച്ചു. ആധുനിക കാലത്തെ സ്ത്രീകളുടെ സുരക്ഷ, തൊഴിൽ അവകാശങ്ങൾ എന്നിവയ്ക്ക് പുറമെ ഗോത്രവർഗ്ഗ മേഖലകളിലും തീരദേശങ്ങളിലുമുള്ള സ്ത്രീകളുടെ ഉന്നമനത്തിന് മുൻഗണന നൽകുന്ന വിപുലമായ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 11 അംഗ ജെൻഡർ കൗൺസിലാണ് നയത്തിന്റെ കരട് രൂപീകരിച്ചത്. വിവിധ മേഖലകളിലെ 72 വിദഗ്ധരുമായി ഒൻപതോളം സിറ്റിങ്ങുകൾ നടത്തിയും മുന്നൂറോളം സ്ത്രീകളുടെ നേരിട്ടുള്ള അഭിപ്രായങ്ങൾ ക്രോഡീകരിച്ചും തയ്യാറാക്കിയ ഈ നയം നവകേരള നിർമ്മാണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിൽ നിർണ്ണായകമാകും. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം നിയമപരമായ സുരക്ഷ ശക്തമാക്കാനും ഈ നയം ലക്ഷ്യമിടുന്നു.
The post സ്ത്രീപക്ഷ കേരളം ലക്ഷ്യം! സംസ്ഥാനത്ത് പുതിയ ‘വനിതാ നയം 2026’ പ്രാബല്യത്തിൽ appeared first on Express Kerala.


