
ആലപ്പുഴ: സോഷ്യൽ മീഡിയയിൽ സജീവമായ യുവതിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് പണം തട്ടിയ ദമ്പതിമാർക്കെതിരെ സൈബർ പോലീസ് കേസെടുത്തു. മാവേലിക്കര തഴക്കര സ്വദേശികളായ ദമ്പതിമാർക്കെതിരെയാണ് ആലപ്പുഴ സ്വദേശിനി പരാതി നൽകിയത്.
പരാതിക്കാരിയായ യുവതിയുടെ ഫോട്ടോകൾ ഉപയോഗിച്ച് നാല് വ്യാജ പ്രൊഫൈലുകളാണ് പ്രതികൾ ഉണ്ടാക്കിയത്. തന്റെ ഭർത്താവ് മരിച്ചെന്നും മകന് ഗുരുതരമായ രോഗമാണെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സ്ത്രീശബ്ദത്തിൽ ശബ്ദസന്ദേശങ്ങൾ അയച്ചും ഇവർ ആളുകളുടെ സഹതാപം പിടിച്ചുപറ്റി. മകന്റെ ചികിത്സാ സഹായം എന്ന നിലയിൽ 500 മുതൽ 1000 രൂപ വരെ പലരിൽ നിന്നായി ദമ്പതിമാരുടെ ജോയിന്റ് ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങിയെടുത്തു.
Also Read: ഒരേസമയം രണ്ട് പ്രണയം, ഒടുവിൽ ക്രൂരമായ പക; മുംബൈയിൽ യുവതിയെ വെടിവെച്ചു കൊന്നു
പണം നൽകിയ ചിലർ കുട്ടിയുടെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ച് യുവതിയുടെ യഥാർത്ഥ അക്കൗണ്ടിൽ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഉടൻ തന്നെ യുവതി സോഷ്യൽ മീഡിയയിൽ മുന്നറിയിപ്പ് നൽകുകയും സൈബർ പോലീസിൽ പരാതിപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ പ്രതികൾ ഒളിവിൽ പോയിരിക്കുകയാണ്. പണം നഷ്ടപ്പെട്ടവർ നൽകിയ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
The post യുവതിയുടെ പേരിൽ വ്യാജ പ്രൊഫൈൽ; പണം തട്ടിയ ദമ്പതിമാർക്കെതിരെ കേസ് appeared first on Express Kerala.


