loader image
‘സിപിഎമ്മിന് രക്തസാക്ഷിത്വം ലോട്ടറി അടിച്ചതുപോലെ’; ഷാഫിയുടെ ചോരയ്ക്ക് ജനം പകരം ചോദിക്കുമെന്ന് വി.ഡി. സതീശൻ

‘സിപിഎമ്മിന് രക്തസാക്ഷിത്വം ലോട്ടറി അടിച്ചതുപോലെ’; ഷാഫിയുടെ ചോരയ്ക്ക് ജനം പകരം ചോദിക്കുമെന്ന് വി.ഡി. സതീശൻ

പേരാമ്പ്ര: രക്തസാക്ഷികളുടെ കുടുംബം പോലും വെറുക്കുന്ന പാർട്ടിയായി പിണറായി വിജയന്റെ സിപിഎം മാറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. യുഡിഎഫിന്റെ ‘പുതുയുഗയാത്ര’യ്ക്ക് പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സിപിഎമ്മിന് ഇപ്പോൾ രക്തസാക്ഷികളുണ്ടാകുന്നത് ലോട്ടറി അടിക്കുന്നതുപോലെയാണെന്നും, അവരുടെ പേരിൽ ഫണ്ട് പിരിച്ച് അടിച്ചുമാറ്റുന്നതാണ് പാർട്ടിയുടെ പുതിയ രീതിയെന്നും അദ്ദേഹം പരിഹസിച്ചു. അഭിമന്യുവിന്റെയും വിഷ്ണുവിന്റെയും രക്തസാക്ഷി ഫണ്ടുകൾ പാർട്ടി നേതാക്കൾ തട്ടിയെടുത്തെന്നും, ഇതിൽ പ്രതിഷേധിച്ച് വിഷ്ണുവിന്റെ കുടുംബം കോൺഗ്രസിൽ ചേർന്നത് ഇതിന് തെളിവമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Also Read: രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാത്സംഗക്കേസ്! മുൻകൂർ ജാമ്യഹർജിയിൽ വിധി ഇന്ന്

കേരളത്തെ പിണറായി സർക്കാർ കടക്കെണിയിലേക്ക് ചവിട്ടിത്താഴ്ത്തിയെന്നും ഭരണത്തുടർച്ചയിൽ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “പിണറായി മൂന്ന്” എന്ന് കേൾക്കുമ്പോഴേക്കും ജനങ്ങൾ തലയിൽ കൈവെക്കുകയാണ്. ഖജനാവ് കാലിയായി കിടക്കുമ്പോഴും പ്രഖ്യാപനങ്ങൾക്ക് കുറവില്ല. ലോകത്തിലാദ്യമായി കൈക്കൂലി ഗൂഗിൾ പേ വഴി നൽകാൻ കഴിയുന്ന അവസ്ഥയിലേക്ക് കേരളം അധഃപതിച്ചു. വോട്ടിന് വേണ്ടി വർഗീയതയുമായി വിട്ടുവീഴ്ച ചെയ്യാൻ യുഡിഎഫ് തയ്യാറല്ലെന്നും ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതകളെ ഒരേപോലെ എതിർക്കുന്ന നിലപാടാണ് മുന്നണിയുടേതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

See also  ചക്കക്കുരുവും മാങ്ങയും ചേർത്ത് ഒരു കറി ഉണ്ടാക്കിയാലോ? ഇതാ നല്ല നാടൻ റെസിപ്പി!

ഷാഫി പറമ്പിൽ എം.പിക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ചും പ്രതിപക്ഷനേതാവ് വൈകാരികമായി സംസാരിച്ചു. “ഷാഫിയുടെ ചോരയ്ക്ക് പേരാമ്പ്ര പകരം ചോദിക്കുക തന്നെ ചെയ്യും. യുഡിഎഫ് നൂറിലധികം സീറ്റുകളോടെ അധികാരത്തിൽ വരുമ്പോൾ മർദ്ദനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ വെറുതെ വിടില്ല” എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അക്രമത്തിന്റെയും കൊലവിളിയുടെയും ഭാഷയാണ് സിപിഎമ്മിന്റേതെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇതിനെല്ലാം ജനകീയ കോടതിയിൽ മറുപടി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാഫി പറമ്പിൽ എം.പി, ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ തുടങ്ങിയ പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

The post ‘സിപിഎമ്മിന് രക്തസാക്ഷിത്വം ലോട്ടറി അടിച്ചതുപോലെ’; ഷാഫിയുടെ ചോരയ്ക്ക് ജനം പകരം ചോദിക്കുമെന്ന് വി.ഡി. സതീശൻ appeared first on Express Kerala.

Spread the love

New Report

Close