ആകാശത്തോളമുയരുന്ന സ്വർണ്ണ-വെള്ളി വിലകൾ ഇന്ത്യൻ ആഭരണ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. വിലയിലെ അമിതമായ ചാഞ്ചാട്ടം സാധാരണക്കാരന്റെ ബജറ്റ് തെറ്റിക്കുക മാത്രമല്ല, ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഏഷ്യയിലെ ഏറ്റവും വലിയ വെള്ളി വ്യാപാര കേന്ദ്രങ്ങളിലൊന്നായ ഗുജറാത്തിലെ രാജ്‌കോട്ടിൽ മാത്രം ഏകദേശം 1.5 ലക്ഷം തൊഴിലാളികൾക്ക് ജോലി നഷ്ടമായതായാണ് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വിപണിയിൽ ഡിമാൻഡ് കുത്തനെ കുറഞ്ഞതോടെ പണിശാലകളെല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണ്.
Also Read: മൂന്നാം പാദ ഫലങ്ങളും പ്രധാന നീക്കങ്ങളും! വിപണിയിൽ ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
വെള്ളി ആഭരണങ്ങളുടെ കേന്ദ്രമായ രാജ്‌കോട്ടിലെ ‘പേഡക് റോഡ്’ ഇന്ന് വിജനമായി മാറിയിരിക്കുകയാണ്. പ്രതിമാസം 30 ടൺ വരെ വ്യാപാരം നടന്നിരുന്നത് ഇപ്പോൾ ഒരു ടൺ തികയ്ക്കാൻ പോലും വ്യാപാരികൾ പാടുപെടുന്നു. 2025-ൽ മാത്രം വെള്ളിയുടെ വിലയിൽ 160 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. കഴിഞ്ഞ ഡിസംബറിൽ മാത്രം വെള്ളിക്ക് 60,000 രൂപയിലധികം വർദ്ധിച്ചു. ഇതോടെ വ്യാപാര മേഖലയിൽ 3,500 കോടി രൂപയുടെ കുടിശ്ശിക നിലനിൽക്കുന്നതായും 44-ഓളം ട്രേഡിങ് സ്ഥാപനങ്ങൾ പാപ്പരായതായും സിൽവർ ഗോൾഡ് ബുള്ളിയൻ അസോസിയേഷൻ അറിയിച്ചു. സോളാർ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ വെള്ളിയുടെ ഉപയോഗം കൂടിയതും ചൈനയുടെ കയറ്റുമതി നിയന്ത്രണവുമാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം.
സ്വർണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടവും വിപണിയെ തളർത്തിയിട്ടുണ്ട്. 2025 തുടക്കത്തിൽ പത്ത് ഗ്രാമിന് ഒരു ലക്ഷത്തിന് താഴെയായിരുന്ന സ്വര്‍ണം, 2026 ജനുവരി ആയപ്പോഴേക്കും 1.83 ലക്ഷം രൂപ എന്ന റെക്കോർഡ് നിരക്കിലെത്തി. മുംബൈയിലെ സവേരി ബസാർ ഉൾപ്പെടെയുള്ള പ്രമുഖ വിപണികളിൽ തിരക്ക് പകുതിയായി കുറഞ്ഞു. വിവാഹ ആവശ്യങ്ങൾക്കായി എത്തുന്നവർ പോലും വാങ്ങുന്ന അളവ് പകുതിയായി കുറയ്ക്കുകയോ വാങ്ങുന്നത് മാറ്റിവെക്കുകയോ ആണ്. പണലഭ്യത കുറഞ്ഞതോടെ പഴയ സ്വർണ്ണമോ വെള്ളിയോ എടുക്കാൻ പോലും വ്യാപാരികൾ തയ്യാറാകാത്തത് ഉപഭോക്താക്കളെയും വലിയ പ്രതിസന്ധിയിലാക്കുന്നു.
The post പൊന്നും വെള്ളിയും ‘പൊള്ളുന്നു’: വിപണി നിശ്ചലമാകുന്നു; ലക്ഷക്കണക്കിന് തൊഴിലാളികൾ പെരുവഴിയിൽ appeared first on Express Kerala.


