
തിരുവനന്തപുരം: മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ച നിർണായക വിധി പുറപ്പെടുവിക്കും. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി തന്നെ കുറ്റക്കാരനായി കണ്ടെത്തി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച അപ്പീലിലാണ് കോടതി തീരുമാനം അറിയിക്കുക.
ലഹരിക്കേസിൽ പിടിയിലായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തിയെന്ന കേസിൽ, ഈ മാസം മൂന്നിനാണ് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനെ കുറ്റക്കാരനായി കണ്ടെത്തിയത്. മൂന്ന് വർഷം തടവും 10,000 രൂപ പിഴയുമായിരുന്നു വിധി. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ നിയമസഭാംഗത്വവും റദ്ദാക്കപ്പെട്ടിരുന്നു. അപ്പീൽ നൽകിയതിനെത്തുടർന്ന് ശിക്ഷാ വിധി തിരുവനന്തപുരം സെഷൻസ് കോടതി താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.
തന്റെ ഭാഗം പൂർണ്ണമായി കേൾക്കാതെയാണ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചതെന്നാണ് ആന്റണി രാജുവിന്റെ പ്രധാന വാദം. ആദ്യഘട്ടത്തിൽ കേസിൽ മൂന്ന് പ്രതികളുണ്ടായിരുന്ന കാര്യമുൾപ്പെടെയുള്ള സാങ്കേതിക വശങ്ങൾ കോടതി പരിഗണിച്ചില്ലെന്നും അദ്ദേഹം അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. കോടതി ക്ലർക്കായിരുന്ന ജോസും ഈ കേസിൽ പ്രതിയായിരുന്നു.
The post തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന്റെ അപ്പീലിൽ വിധി തിങ്കളാഴ്ച appeared first on Express Kerala.


