
മുഖ്യമന്ത്രി പിണറായി വിജയൻ പഞ്ചായത്ത് അംഗത്തെ സെൽഫി എടുക്കുന്നതിൽ നിന്നും വിലക്കി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ് വ്യക്തമാക്കി. അമ്പൂരി കൂമ്പിച്ചൽകടവ് പാലത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ ദൃശ്യങ്ങൾ മുൻനിർത്തിയാണ് മുഖ്യമന്ത്രി ജനപ്രതിനിധിയോട് കയർത്തുവെന്ന രീതിയിലുള്ള പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായത്. എന്നാൽ നടന്നത് വലിയ രീതിയിലുള്ള വ്യാജപ്രചാരണമാണെന്നും വസ്തുതയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ആതിര പ്രതികരിച്ചു.
താൻ മുഖ്യമന്ത്രിക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും മറിച്ച് ഒരു നിവേദനം നൽകാനാണ് അദ്ദേഹത്തിനടുത്തേക്ക് പോയതെന്നും ആതിര വിശദീകരിച്ചു. ആ സമയത്ത് ഫോൺ കോൾ വന്നതുകൊണ്ടാണ് കയ്യിൽ ഫോൺ ഉണ്ടായിരുന്നത്. തിരക്കിനിടയിൽ നിവേദനം കൈമാറാനായിരുന്നു തന്റെ ശ്രമം. മുഖ്യമന്ത്രി തന്നോട് മാറിനിൽക്കാൻ ആവശ്യപ്പെടുകയോ മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Also Read: “ഐഎൻടിയുസിയെ സതീശൻ തള്ളുന്നു; തൊഴിലാളി പ്രസ്ഥാനത്തെ കോൺഗ്രസ് ചിന്നഭിന്നമാക്കുന്നു” – എം.വി. ഗോവിന്ദൻ
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തെറ്റായ വ്യാഖ്യാനങ്ങളോടെയാണ് പ്രചരിപ്പിക്കപ്പെടുന്നത്. മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ ശ്രമിച്ചതിനെ സെൽഫി എടുക്കാനുള്ള ശ്രമമായി ചിത്രീകരിച്ച് രാഷ്ട്രീയമായി വളച്ചൊടിക്കുകയാണ് ഉണ്ടായത്. വെള്ളറട ഡിവിഷനിൽ നിന്നുള്ള സിപിഐഎം അംഗമായ ആതിര ഗ്രേസ്, തന്റെ ഭാഗത്തുനിന്നും സെൽഫിക്കായുള്ള യാതൊരു അഭ്യർത്ഥനയും ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി.
The post സെൽഫിയല്ല, ലക്ഷ്യം നിവേദനം; ‘സെൽഫി വിവാദം’ അടിസ്ഥാനരഹിതം, വസ്തുത വ്യക്തമാക്കി സി.പി.ഐ.എം അംഗം appeared first on Express Kerala.


