ബെംഗളൂരു: ബെംഗളൂരു വിഗ്നാൻ നഗറിൽ സാമ്പത്തിക തർക്കത്തെത്തുടർന്ന് മാതാപിതാക്കളെ മകൻ കൊലപ്പെടുത്തി. ഇന്ത്യൻ നേവിയിൽ നിന്ന് ക്യാപ്റ്റനായി വിരമിച്ച നവീൻ ചന്ദ്ര ഭട്ട്, ഭാര്യയും ദന്തഡോക്ടറുമായ ശ്യാമള ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകനും സോഫ്റ്റ്വെയർ എൻജിനീയറുമായ രോഹൻ ചന്ദ്ര ഭട്ടിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു.
വിദേശത്ത് ഉപരിപഠനം പൂർത്തിയാക്കിയ രോഹൻ, മാതാപിതാക്കളിൽ നിന്ന് നാല് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകാൻ വിസമ്മതിച്ച മാതാപിതാക്കൾ വീട്ടുജോലിക്കാരുടെ മുന്നിൽ വെച്ച് തന്നെ അപമാനിച്ചതാണ് കൊലപാതകത്തിന് പ്രകോപനമായതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. പണത്തെച്ചൊല്ലി നേരത്തെയും വഴക്കിട്ടിരുന്ന രോഹൻ, ഇന്നലെയും മാതാപിതാക്കളുമായി കടുത്ത തർക്കത്തിൽ ഏർപ്പെട്ടു. തർക്കത്തിനിടെ കൈവശമുണ്ടായിരുന്ന കത്തിയുപയോഗിച്ച് രോഹൻ ഇരുവരെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ ജോലിക്കാർ ദമ്പതികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അയൽവാസിയും ഡോക്ടറുമായ മാധവി നായരുടെ പരാതിയിലാണ് എച്ച്.എ.എൽ പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
The post 4 ലക്ഷം രൂപ നൽകിയില്ല; ബെംഗളൂരുവിൽ റിട്ടയേർഡ് നേവി ക്യാപ്റ്റനെയും ഭാര്യയെയും മകൻ കുത്തിക്കൊന്നു appeared first on Express Kerala.


