
തിരുവനന്തപുരം: മലയോര മേഖലകളിൽ വേനൽ കടുത്തതോടെ കാട്ടുതീ ഭീഷണി വർധിക്കുന്നു. കഴിഞ്ഞ ദിവസം പകൽ സമയത്ത് കുടപ്പനമൂട് നുള്ളിയോട്, നെല്ലിക്കാമല ഭാഗങ്ങളിൽ വലിയ രീതിയിൽ തീ പടർന്നുപിടിച്ചത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. റബ്ബർ തോട്ടങ്ങളിലും കുറ്റിക്കാടുകളിലും അടിഞ്ഞുകൂടിയ ഉണങ്ങിയ കരിയിലകളാണ് തീ അതിവേഗം ആളിപ്പടരാൻ കാരണമായത്.
നെല്ലിക്കാമല ഭാഗത്ത് ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് അവശിഷ്ടത്തിൽ നിന്നാകാം തീ പടർന്നതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. കാറ്റുള്ള സമയമായതിനാൽ ചെറിയൊരു തീപ്പൊരി പോലും വലിയ അപകടത്തിന് കാരണമാകുന്നുണ്ട്. സംഭവസ്ഥലത്ത് ഉടൻ തന്നെ പ്രദേശവാസികൾ എത്തി പ്രാഥമികമായി തീയണയ്ക്കാൻ ശ്രമിക്കുകയും, തുടർന്ന് അഗ്നിരക്ഷാ സേന എത്തി തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. കാടുകളും മരങ്ങളും പൂർണ്ണമായും വരണ്ടുണങ്ങിയ നിലയിലായതിനാൽ തീപ്പിടുത്ത സാധ്യത വളരെ കൂടുതലാണ്. റബ്ബർ തോട്ടങ്ങൾ ഉൾപ്പെടെയുള്ള പ്ലാന്റേഷനുകളിൽ കരിയിലകൾ മാറ്റാത്തത് വലിയ വെല്ലുവിളിയാകുന്നു. തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ ശക്തമായ കാറ്റ് തടസ്സപ്പെടുത്തുന്നുണ്ട്.
The post വേനൽ ചൂടിൽ വെന്തുരുകി മലയോരങ്ങൾ; കുടപ്പനമൂട് നെല്ലിക്കാമലയിൽ കാട്ടുതീ പടർന്നു appeared first on Express Kerala.


