
അമേരിക്കയിൽ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകളെയും അവിടേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളെയും കടുത്ത ആശങ്കയിലാഴ്ത്തിക്കൊണ്ട് എച്ച്-1ബി വിസ പ്രോഗ്രാം പൂർണ്ണമായും നിർത്തലാക്കാനുള്ള പുതിയ ബിൽ യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചു. റിപ്പബ്ലിക്കൻ പാർട്ടി അംഗം ഗ്രെഗ് സ്റ്റ്യൂബ് അവതരിപ്പിച്ച ‘എക്സൈൽ ആക്ട്’ (EXILE Act) പാസായാൽ, പതിറ്റാണ്ടുകളായി ഇന്ത്യൻ ടെക്കികൾക്ക് തുണയായ വിസ സംവിധാനം ചരിത്രമാകും.
അമേരിക്കൻ പൗരന്മാരുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിനായി വിദേശ തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നത് തടയുക എന്നതാണ് ഈ ബില്ലിന്റെ ലക്ഷ്യം. ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിൽ ഭേദഗതി വരുത്തിക്കൊണ്ട് എച്ച്-1ബി വിസകൾ പൂർണ്ണമായും നിർത്തലാക്കാനാണ് ബിൽ ശുപാർശ ചെയ്യുന്നത്. വിദേശ തൊഴിലാളികൾക്ക് മുൻഗണന നൽകുന്നത് അമേരിക്കൻ യുവാക്കളുടെ ഭാവി തകർക്കുമെന്നാണ് ബിൽ അവതരിപ്പിച്ചുകൊണ്ട് ഗ്രെഗ് സ്റ്റ്യൂബ് വാദിച്ചത്.
ലോകത്ത് ഏറ്റവും കൂടുതൽ എച്ച്-1ബി വിസകൾ ഉപയോഗിക്കുന്നത് ഇന്ത്യക്കാരാണ്. നിലവിൽ പ്രതിവർഷം അനുവദിക്കുന്ന 85,000 വിസകളിൽ 80 ശതമാനത്തിലധികവും നേടുന്നത് ഇന്ത്യൻ, ചൈനീസ് പൗരന്മാരാണ്. ഈ വിസ നിർത്തലാക്കുന്നത് ഇൻഫോസിസ്, ടിസിഎസ്, വിപ്രോ തുടങ്ങിയ ഇന്ത്യൻ ഐടി ഭീമന്മാരെയും ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളിലെ ഇന്ത്യൻ ജീവനക്കാരെയും നേരിട്ട് ബാധിക്കും.
Also Read: ദുബായ് വിമാനത്താവളത്തിൽ റെക്കോർഡ് കുതിപ്പ്! 2025-ൽ എത്തിയത് 9.5 കോടി യാത്രികർ
രണ്ടാം ട്രംപ് ഭരണകൂടം അധികാരമേറ്റത് മുതൽ വിസ ചട്ടങ്ങളിൽ വൻ മാറ്റങ്ങളാണ് വരുത്തുന്നത്. എച്ച്-1ബി വിസകൾക്ക് 1,00,000 ഡോളർ (ഏകദേശം 89 ലക്ഷം രൂപ) എന്ന ഭീമമായ പുതിയ ഫീസ് സെപ്റ്റംബറിൽ ഏർപ്പെടുത്തിയിരുന്നു. അമേരിക്കയോട് ശത്രുത പുലർത്തുന്ന പോസ്റ്റുകൾ പങ്കുവെക്കുന്നവർക്ക് വിസ നിഷേധിക്കാൻ കർശന നിർദ്ദേശം നൽകി. കൂടാതെ വിസ അപേക്ഷകളുടെ സ്ക്രൂട്ടിനി മുമ്പെങ്ങുമില്ലാത്ത വിധം കർശനമാക്കിയിരിക്കുകയാണ്.
അമേരിക്കൻ കമ്പനികൾക്ക് കുറഞ്ഞ ചിലവിൽ വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കുന്ന സംവിധാനമാണ് എച്ച്-1ബി. ഇത് നിർത്തലാക്കുന്നത് അമേരിക്കൻ സാങ്കേതിക മേഖലയെ എങ്ങനെ ബാധിക്കുമെന്നത് വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും. അമേരിക്കൻ സ്വപ്നം കാണുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഈ ബിൽ വലിയൊരു തിരിച്ചടിയാണ്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post അമേരിക്കയിൽ ഇനി ജോലി കിട്ടില്ലേ? എച്ച്-1ബി വിസ നിർത്തലാക്കാൻ പുതിയ ബിൽ! appeared first on Express Kerala.


