
പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തി. സംഗമത്തിൽ പങ്കെടുക്കാത്ത ‘നന്ദഗോവിന്ദം ഭജൻസ്’ എന്ന ട്രൂപ്പിന്റെ പേരിൽ എട്ടു ലക്ഷം രൂപയുടെ ബില്ല് പാസാക്കിയതാണ് വിവാദമായിരിക്കുന്നത്. സംഗമത്തിന്റെ ദിവസം രാവിലെ ഭക്തിഗാനസദസ് അവതരിപ്പിച്ചത് ഗായകൻ ഇഷാൻ ദേവും സംഘവുമായിരുന്നു. എന്നാൽ ഇവർക്ക് എത്ര തുക നൽകിയെന്ന് വ്യക്തമാക്കാത്ത റിപ്പോർട്ടിൽ, സന്നിധാനത്തോ പമ്പയിലോ ഇതുവരെ പരിപാടി അവതരിപ്പിച്ചിട്ടില്ലാത്ത നന്ദഗോവിന്ദം ഭജൻസിന്റെ പേര് ഉൾപ്പെട്ടത് തട്ടിപ്പ് സംശയം ബലപ്പെടുത്തുന്നു.
രണ്ടു ലക്ഷം രൂപ മാത്രം ബജറ്റ് നിശ്ചയിച്ചിരുന്ന കലാപരിപാടികൾക്ക് എട്ടു ലക്ഷം രൂപ ചെലവായെന്ന കണക്കാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. ഇതേ ദിവസം വൈകിട്ട് വിജയ് യേശുദാസ്, വീരമണി രാജു, സുദീപ് കുമാർ എന്നിവർ നടത്തിയ സംഗീത പരിപാടിയുടെ ചെലവ് കണക്കുകൾ റിപ്പോർട്ടിലില്ല. ഇവർ സൗജന്യമായാണ് പരിപാടി നടത്തിയതെന്നാണ് ദേവസ്വം അധികൃതരുടെ വിശദീകരണം. ഒരു സ്വകാര്യ ഏജൻസിയെക്കൊണ്ട് ദേവസ്വം ബോർഡ് നടത്തിയ ഓഡിറ്റിംഗിൽ ഇത്ര വലിയ തുകയുടെ ബില്ല് എങ്ങനെ കടന്നുകൂടി എന്നത് ചോദ്യചിഹ്നമായി തുടരുന്നു.
സംഭവം ഹൈക്കോടതിയുടെ പരിഗണനയിലായതോടെ ദേവസ്വം ബോർഡ് പ്രതിരോധത്തിലായിരിക്കുകയാണ്. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടും നിലവിൽ കോടതിക്ക് മുൻപാകെയുണ്ട്. നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ ബില്ലെഴുതിയതടക്കമുള്ള ക്രമക്കേടുകളിൽ ഫെബ്രുവരി 27-നകം വ്യക്തമായ വിശദീകരണം നൽകണമെന്ന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റീസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് വി. ജയകുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ബോർഡിനോട് വിശദീകരണം തേടിയത്.
The post അയ്യപ്പസംഗമത്തിൽ ‘ഭജൻസ്’ തട്ടിപ്പ്? പങ്കെടുക്കാത്ത ഗ്രൂപ്പിന്റെ പേരിൽ എട്ടു ലക്ഷത്തിന്റെ ബില്ല്! appeared first on Express Kerala.


