ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ വാലന്റൈൻസ് ഡേ ആഘോഷങ്ങൾക്കിടെ ബജ്‌രംഗ്ദൾ പ്രവർത്തകരുടെ വ്യാപക അക്രമം. നർസി മോൻജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് കോളേജിൽ സംഘടിപ്പിച്ച പരിപാടിയുടെ വേദിയാണ് ഒരുകൂട്ടം പ്രവർത്തകർ അതിക്രമിച്ചു കയറി തകർത്തത്. കോളേജ് ക്യാമ്പസിനുള്ളിൽ വാലന്റൈൻസ് ഡേയുമായി ബന്ധപ്പെട്ട പരിപാടികൾ നടന്നുകൊണ്ടിരിക്കെയാണ് പ്രവർത്തകർ അകത്തേക്ക് കയറിയത്.
വേദി തകർക്കുകയും കോളേജ് വസ്തുവകകൾ നശിപ്പിക്കുകയും ചെയ്ത സംഘം അവിടെയുണ്ടായിരുന്ന വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. ഹിന്ദു സംഘടനകൾ ക്യാമ്പസിനുള്ളിൽ അതിക്രമം നടത്തിയതായും നിലവിൽ വിദ്യാർത്ഥികൾ സുരക്ഷിതരാണെന്നും ഡിസിപി കൃഷ്ണ ലാൽചന്ദാനി അറിയിച്ചു. കോളേജ് അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻഡോറിലെ അക്രമത്തിന് പുറമെ, പട്‌നയിൽ ഹിന്ദു ശിവഭവാനി സേനയുടെ പേരിൽ ഭീഷണി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വാലന്റൈൻസ് ഡേ ആഘോഷിക്കുന്ന കമിതാക്കളെ ഒരുമിച്ച് കണ്ടാൽ ആക്രമിക്കുമെന്നാണ് പോസ്റ്ററിലെ മുന്നറിയിപ്പ്.
The post ഇൻഡോറിൽ വാലന്റൈൻസ് ഡേ ആഘോഷത്തിനിടെ അക്രമം; കോളേജ് വേദി തകർത്തു, വിദ്യാർത്ഥികൾക്ക് നേരെ കയ്യേറ്റം appeared first on Express Kerala.


