
എപ്സ്റ്റീൻ ഫയൽ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. ബജറ്റ് ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിയാണ് ഹർദീപ് സിങ് പുരിയുടെയും അനിൽ അംബാനിയുടെയും പേരുകൾ അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട രേഖകളിലുണ്ടെന്ന ആരോപണം ഉന്നയിച്ചത്. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിന്റെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും സഭാനടപടികൾ തടസ്സപ്പെടുകയും ചെയ്തു.
എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച ഹർദീപ് സിങ് പുരി, എന്നാൽ കുറ്റകൃത്യങ്ങളിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. അതേസമയം, രാഹുൽ ഗാന്ധി രാജ്യവിരുദ്ധ ശക്തികളുമായി ചേർന്ന് ഇന്ത്യയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. രാഹുലിനെതിരെ പാർലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്.
Also Read: “പണം വാങ്ങൂ, വിസിൽ പോഡു”; ഡിഎംകെയുടെ 2000 രൂപ പദ്ധതിയെ പരിഹസിച്ച് വിജയ്
ബജറ്റ് സമ്മേളനത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കി ലോക്‌സഭ മാർച്ച് 9 വരെ പിരിഞ്ഞു. രണ്ടാം ഘട്ടത്തിൽ സ്പീക്കർ ഓം ബിർളയ്ക്ക് എതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരിഗണിക്കുമെന്നാണ് വിവരം. സഭയ്ക്ക് പുറത്ത് കർഷക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ ഗാന്ധി, ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
The post എപ്സ്റ്റീൻ ഫയലിൽ കുരുങ്ങി ഹർദീപ് സിങ് പുരി; കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റിൽ വൻ പ്രതിഷേധം appeared first on Express Kerala.


