
ലോകമെമ്പാടുമുള്ള പ്രണയിനികൾക്കായി ഫെബ്രുവരി 14 വാലന്റൈൻസ് ദിനം ആഘോഷിക്കാനൊരുങ്ങുമ്പോൾ, ഇൻസ്റ്റഗ്രാമും അടിമുടി പ്രണയനിർഭരമാവുകയാണ്. യുവാക്കളുടെ പ്രിയപ്പെട്ട പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം, ഉപയോക്താക്കൾക്കായി ലിമിറ്റഡ് എഡിഷൻ വാലന്റൈൻസ് ഡേ ഫീച്ചറുകൾ അവതരിപ്പിച്ചു. പുതിയ ഫോണ്ടുകൾ, ഹൃദയഹാരിയായ സ്റ്റിക്കറുകൾ, പ്രത്യേക ചാറ്റ് തീമുകൾ എന്നിവ വഴി സ്റ്റോറികളും റീലുകളും ഇനി കൂടുതൽ മനോഹരമാക്കാം. ഫെബ്രുവരി 16 വരെ മാത്രമേ ഈ പ്രത്യേക ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിൽ ലഭ്യമാകൂ എന്നതിനാൽ ഈ പ്രണയകാലം സോഷ്യൽ മീഡിയയിൽ ആഘോഷമാക്കാൻ സുവർണ്ണാവസരമാണിത്.
സ്റ്റോറികളിലും റീലുകളിലും പ്രണയത്തിന്റെ സ്പർശമേകാൻ വാലന്റൈൻ-തീമിലുള്ള ഫോണ്ടുകളും ആനിമേഷനുകളും ഇത്തവണ ലഭ്യമാണ്. ഹൃദയത്തിൻ്റെ ആകൃതിയിലുള്ള ഫോട്ടോ സ്റ്റിക്കർ ഫ്രെയിമുകൾ ഉപയോഗിച്ച് സെൽഫികളും പ്രിയപ്പെട്ട ഓർമ്മകളും പങ്കുവെക്കാം. കൂടാതെ, സ്റ്റോറികളുടെ കമന്റ് സെക്ഷനിൽ ചില പ്രത്യേക ‘രഹസ്യ വാക്കുകൾ’ ഉപയോഗിക്കുമ്പോൾ ദൃശ്യമാകുന്ന പ്രത്യേക ആനിമേഷനുകൾ കൗതുകമുണർത്തുന്നതാണ്. പ്രിയപ്പെട്ടവരെ ടാഗ് ചെയ്യാൻ കസ്റ്റം സ്റ്റോറി മെൻഷൻ സ്റ്റിക്കറുകളും ഡിഎമ്മുകളിൽ വാലന്റൈൻ-തീം ചാറ്റ് ഓപ്ഷനുകളും ഇൻസ്റ്റഗ്രാം ഒരുക്കിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാം ആപ്പിന് പുറമെ മെറ്റയുടെ ‘എഡിറ്റ്‌സ്’ ആപ്പിലും വാലന്റൈൻസ് സ്പെഷ്യൽ ടൂളുകൾ ലഭ്യമാണ്. റീലുകൾക്കായി പ്രത്യേക സൗണ്ട് ഇഫക്റ്റുകളും സ്പീഡ് കൺട്രോൾ ഓപ്ഷനുകളും റെഡിമെയ്‌ഡ് ടെക്സ്റ്റുകളും ഇതിൽ ഉൾപ്പെടുന്നു. ഇൻസ്റ്റഗ്രാമിലെ ഫീച്ചറുകൾ ഫെബ്രുവരി 16-ന് അവസാനിക്കുമെങ്കിലും, എഡിറ്റ്‌സ് ആപ്പിലെ ഫീച്ചറുകൾ വാലന്റൈൻസ് ദിനത്തിന് ശേഷവും തുടർന്നും ഉപയോഗിക്കാൻ സാധിക്കും. സാധാരണ പോസ്റ്റുകൾക്കും സ്റ്റോറികൾക്കും പകരം സർഗ്ഗാത്മകമായി പ്രണയം കൈമാറാൻ ഈ പുതിയ മാറ്റങ്ങൾ സഹായിക്കും.
The post പ്രണയാർദ്രമായി ഇൻസ്റ്റഗ്രാം! വാലന്റൈൻസ് ദിനം ആഘോഷമാക്കാൻ പുത്തൻ ഫീച്ചറുകൾ appeared first on Express Kerala.


