
ഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയമായ ‘സേവാതീർത്ഥ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണ് പി.എം.ഒ പുതിയൊരു മേൽവിലാസത്തിലേക്ക് മാറുന്നത്. ഇതോടൊപ്പം വിവിധ കേന്ദ്ര മന്ത്രാലയങ്ങൾക്കായി നിർമ്മിച്ച കർത്തവ്യ ഭവൻ 1, 2 എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുകയും പ്രവർത്തനങ്ങൾ ഏകീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഈ സമുച്ചയം ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ്, ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയേറ്റ്, കാബിനറ്റ് സെക്രട്ടറിയേറ്റ് എന്നിവ ഇനി സേവാതീർത്ഥിൽ പ്രവർത്തിക്കും. പൂർണ്ണമായും ഡിജിറ്റൽ സംവിധാനങ്ങളാൽ സംയോജിപ്പിക്കപ്പെട്ട ഓഫീസുകൾ, അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങൾ.
വിവിധ സ്ഥലങ്ങളിലായി ചിതറിക്കിടന്നിരുന്ന പ്രധാന മന്ത്രാലയങ്ങളെ ഒരേ പരിസരത്തേക്ക് കൊണ്ടുവരിക എന്നതാണ് കർത്തവ്യ ഭവനുകളുടെ ലക്ഷ്യം. പ്രതിരോധം, ധനകാര്യം, നിയമം, ആരോഗ്യം, കൃഷി തുടങ്ങിയ പ്രധാന മന്ത്രാലയങ്ങൾ ഈ സമുച്ചയങ്ങളിലേക്ക് മാറും. ഏകോപനമില്ലായ്മ പരിഹരിക്കുക, പരിപാലന ചിലവ് കുറയ്ക്കുക, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുക, എന്നിവ ഓഫീസ് വരുന്നതോടെ ഉണ്ടാകുകയെന്ന് കേന്ദ്ര സർക്കാർ പറയുന്നു. പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തിന് ശേഷം, നിലവിലെ ഓഫീസായ സൗത്ത് ബ്ലോക്കിൽ പ്രധാനമന്ത്രി അവസാന കേന്ദ്ര മന്ത്രിസഭാ യോഗം ചേരും.
The post ‘സേവാതീർത്ഥ്’ ഇനി ഭരണത്തിന്റെ പുതിയ വിലാസം; പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു appeared first on Express Kerala.


