loader image
ചുവന്ന കോട്ടയ്ക്കുള്ളിലെ ‘പെൺപുലി’; രാഷ്ട്രീയത്തെ വിറപ്പിക്കാൻ അവൾ വരുന്നു!

ചുവന്ന കോട്ടയ്ക്കുള്ളിലെ ‘പെൺപുലി’; രാഷ്ട്രീയത്തെ വിറപ്പിക്കാൻ അവൾ വരുന്നു!

ഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി, ലോകത്തിന് മുന്നിൽ ഉത്തരകൊറിയയുടെ മുഖം കിം ജോങ് ഉൻ ആയിരുന്നു. എന്നാൽ ഇന്ന് പുകയുന്ന മിസൈൽ പരീക്ഷണ വേദികളിലും ഗാംഭീര്യമേറിയ സൈനിക പരേഡുകളിലും ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നത് കിമ്മിന്റെ കൗമാരക്കാരിയായ മകൾ കിം ജു എയാണ്. പിതാവിന്റെ വിരൽത്തുമ്പിൽ തൂങ്ങി മിസൈലുകൾക്ക് അരികിലൂടെ നടന്നുനീങ്ങിയ ആ കൊച്ചുപെൺകുട്ടി, ഇന്ന് ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ നിർണ്ണായക വേദികളിൽ കിമ്മിന് ഒപ്പത്തിനൊപ്പം ഇരിക്കുന്നു. ഉത്തര കൊറിയ എന്ന, ചുവന്ന കോട്ടയ്ക്കുള്ളിൽ കിം വംശത്തിന്റെ നാലാം തലമുറയായി ഒരു പെൺകരുത്ത് ഇവിടെ ഉദയം ചെയ്യുകയാണോ? ലോകത്തിലെ ഏറ്റവും രഹസ്യാത്മകമായ ഈ കമ്യൂണിസ്റ്റ് രാജ്യത്തിന്റെ അടുത്ത ‘സുപ്രീം ലീഡർ’ പദവിയിലേക്ക് ഒരു കൗമാരക്കാരി ചുവടുവെക്കുമ്പോൾ, അത് ഏഷ്യൻ രാഷ്ട്രീയത്തിന്റെ ഭൂപടത്തിൽ വരുത്താനിടയുള്ള മാറ്റങ്ങളെന്തൊക്കെയാകും?

ദക്ഷിണ കൊറിയൻ ചാര ഏജൻസി ഫെബ്രുവരി 12, നടത്തിയ ഒരു വെളിപ്പെടുത്തൽ ഉത്തരകൊറിയൻ രാഷ്ട്രീയത്തിൽ വിപ്ലവാത്മകമായ ഒരു മാറ്റത്തിന്റെ സൂചനയാണ് നൽകുന്നത്. ഇതുവരെയുള്ള നിരീക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ജു എ ഇപ്പോൾ ഒരു ‘നിയുക്ത പിൻഗാമി’ എന്ന പദവിയിലേക്ക് ഔദ്യോഗികമായി ഉയർത്തപ്പെട്ടുവെന്നാണ് ദക്ഷിണ കൊറിയ വിലയിരുത്തുന്നത്.

മുമ്പ് ജു എ പിൻഗാമിയാകാൻ “പരിശീലനം ലഭിക്കുന്ന” ഒരു വ്യക്തി മാത്രമായിരുന്നുവെങ്കിൽ, ഇപ്പോൾ അവർ പിൻഗാമി നിയമന”ഘട്ടത്തിലേക്ക് കടന്നുവെന്ന് നാഷണൽ ഇന്റലിജൻസ് സർവീസായ എൻഐഎസ് വ്യക്തമാക്കുന്നു. ഇത് ഭരണകൂടത്തിനുള്ളിലെ കിം ജു എ യുടെ സ്വാധീനം വർദ്ധിച്ചതിന്റെ തെളിവാണ്. കേവലം ഒരു സാന്നിധ്യമായി മാറാതെ, ഭരണപരമായ കാര്യങ്ങളിൽ ജു എ സ്വന്തം അഭിപ്രായം പ്രകടിപ്പിച്ചു തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. പ്രധാനപ്പെട്ട നയങ്ങൾ നടപ്പിലാക്കുന്നതിനെക്കുറിച്ചും ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനെക്കുറിച്ചും അവൾ നേരിട്ട് നിർദ്ദേശങ്ങൾ നൽകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക പരിപാടികളിൽ പ്രോട്ടോക്കോൾ പ്രകാരം കിം ജോങ് ഉന്നിന് തൊട്ടുപിന്നാലെ വരുന്ന രണ്ടാമത്തെ പ്രധാന വ്യക്തിയായി ഇപ്പോൾ ജു എയെയാണ് പരിഗണിക്കുന്നത്.

Also Read: ലോകം ഉറ്റുനോക്കുന്ന ആ ചോദ്യം: ഖമേനിക്ക് ശേഷം ആര്? ഉത്തരമായി ഉയർന്നുവരുന്ന രണ്ട് പേരുകൾ…

2025 സെപ്റ്റംബറിൽ ചൈന സന്ദർശിച്ച കിം ജോങ് ഉന്നിനൊപ്പം ജു എ ഉണ്ടായിരുന്നത് ലോകരാജ്യങ്ങൾ അതീവ ഗൗരവത്തോടെയാണ് കണ്ടത്.
ഉത്തരകൊറിയയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ ചൈനയുടെ മുന്നിൽ തന്റെ പിൻഗാമിയെ അവതരിപ്പിക്കാനാണ് കിം മകളെ കൊണ്ടുപോയതെന്ന് കരുതപ്പെടുന്നു. ഷീ ജിൻപിങ്, വ്ലാഡിമിർ പുട്ടിൻ തുടങ്ങിയ ലോകനേതാക്കൾ പങ്കെടുത്ത വേദിയിൽ കിംമിന്റെ മകൾക്ക് ലഭിച്ച സ്വീകരണം വരാനിരിക്കുന്ന ഭരണമാറ്റത്തിന്റെ വലിയൊരു അടയാളമായിരുന്നു. ചൈനയിലെ ഉത്തരകൊറിയൻ എംബസിക്ക് മുന്നിൽ കിമ്മിനൊപ്പം ജു എയുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചത് ചൈനയും ഈ പിൻഗാമിത്വത്തെ അംഗീകരിച്ചു തുടങ്ങുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

2022 നവംബറിൽ ഉത്തരകൊറിയയുടെ ഏറ്റവും മാരകമായ ഹ്വാസോങ്-17 മിസൈൽ പരീക്ഷണ വേദിയിൽ വെച്ചാണ് ജു എ എന്ന ലോകത്തെ അമ്പരപ്പിച്ച ബാല്യം പുറത്തുവന്നത്. വെളുത്ത പഫർ ജാക്കറ്റും ചുവന്ന ഷൂസും ധരിച്ച് മിസൈലുകൾക്ക് അരികിലൂടെ നടന്നുനീങ്ങിയ അവൾ, ഉത്തരകൊറിയയുടെ ആണവ ഭാവിയുടെ പ്രതീകമായാണ് ചിത്രീകരിക്കപ്പെട്ടത്. കേവലം ഒരു ‘പിതൃവാത്സല്യം’ പ്രകടിപ്പിക്കാനല്ല കിം അവളെ അവിടെ കൊണ്ടുവന്നത്, മറിച്ച് തന്റെ ആണവായുധങ്ങൾ വരുംതലമുറയുടെയും സംരക്ഷണ കവചമാണെന്ന ശക്തമായ സന്ദേശം നൽകാനായിരുന്നു അത്.

See also  കൈകോർത്ത് ദുബായ്-കുവൈത്ത് പൊലീസ്‌! അന്താരാഷ്ട്ര ലഹരിമാഫിയ വലയിൽ, 1.4 കോടി ഗുളികകൾ പിടികൂടി

ഇന്ന്, ഉത്തര കൊറിയയിലെ സൈനിക പരേഡുകളിൽ അവൾ വെറുമൊരു സാക്ഷി മാത്രമല്ല. കിം വംശജർക്ക് മാത്രം അനുവദിനീയമായ ‘പ്രിയപ്പെട്ട മകൾ’, ‘ബഹുമാനിക്കപ്പെടുന്ന മകൾ’ എന്നീ വിശേഷണങ്ങളാണ് ഔദ്യോഗിക മാധ്യമങ്ങൾ അവൾക്ക് നൽകുന്നത്. മുതിർന്ന ജനറൽമാർ കിം ജു എയുടെ മുന്നിൽ മുട്ടുകുത്തി ഇരിക്കുന്നതും അവളോട് ആദരവോടെ സംസാരിക്കുന്നതും നോർത്ത് കൊറിയയിലെ കഠിനമായ പ്രോട്ടോക്കോളുകളിൽ വന്ന വലിയ മാറ്റമാണ്. സമപ്രായക്കാരായ കുട്ടികൾക്ക് കർശനമായ ഡ്രസ്സ് കോഡ് നിലവിലുള്ള രാജ്യത്ത്, പാശ്ചാത്യ ശൈലിയിലുള്ള ഫർ കോട്ടുകളും ഹെയർ സ്റ്റൈലുകളും സ്വീകരിക്കുന്നതിലൂടെ അവൾ നിയമങ്ങൾക്കും മുകളിലാണെന്ന വിളംബരം കൂടിയാണ് ഉത്തര കൊറിയ നടത്തുന്നത്.

Also Read: മൃഗബലിയും ചാട്ടവാറടിയും പ്രണയലോട്ടറിയും; ഇന്നത്തെ കാമുകീകാമുകന്മാർ അറിയാതെ പോകുന്ന ചുവന്ന വാലന്റൈൻസ് ദിനത്തിന്റെ സത്യങ്ങൾ!

ഉത്തരകൊറിയയുടെ പാരമ്പര്യവാദികളായ ജനറൽമാരും പുരുഷാധിപത്യ സമൂഹവും ഒരു കൗമാരക്കാരിയെ തങ്ങളുടെ ‘സുപ്രീം ലീഡർ’ ആയി അംഗീകരിക്കുമോ എന്നത് വലിയൊരു ചോദ്യമാണ്. എങ്കിലും, കിം ജോങ് ഉൻ തന്റെ സഹോദരി കിം യോ ജോങ്ങിനെ ഭരണത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവന്നത് ജു എയുടെ പാത സുഗമമാക്കാൻ വേണ്ടിയാണെന്ന് കരുതപ്പെടുന്നു. കിം കുടുംബത്തിലെ സ്ത്രീകൾക്ക് പുരുഷന്മാർക്കൊപ്പം അധികാരം പ്രയോഗിക്കാൻ കഴിയുമെന്ന് യോ ജോങ് തെളിയിച്ചു കഴിഞ്ഞു.

എൻ.ഐ.എസ് റിപ്പോർട്ടുകൾ പ്രകാരം കിമ്മിന് ഒരു മൂത്ത മകൻ ഉണ്ടെന്നിരിക്കെ, എന്തുകൊണ്ട് ജു എ എന്ന ചോദ്യത്തിന് വിശകലന വിദഗ്ധർ നൽകുന്ന ഉത്തരങ്ങൾ ഇങ്ങനെയാണ്. ജു എയ്ക്ക് തന്റെ പിതാവിനെപ്പോലെ കരിസ്മാറ്റിക് ആയ നേതൃത്വ ഗുണങ്ങളുണ്ടെന്ന് കിം വിശ്വസിക്കുന്നുണ്ടാകാം. ഭരണാധികാരം കുടുംബത്തിന് പുറത്തേക്ക് പോകാതിരിക്കാൻ ഏറ്റവും അനുയോജ്യമായ വ്യക്തി ജു എ ആണെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ട്.

വരാനിരിക്കുന്ന ഒമ്പതാമത് വർക്കേഴ്സ് പാർട്ടി കോൺഗ്രസിൽ കിം ജു എയ്ക്ക് ഒരു ഔദ്യോഗിക പദവി നൽകാനുള്ള നീക്കത്തിലാണ് ഭരണകൂടമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. കിം ജോങ് ഉൻ മുമ്പ് വഹിച്ചിരുന്ന ‘പാർട്ടി സെൻട്രൽ കമ്മിറ്റി അംഗം’ എന്ന സ്ഥാനമോ, അല്ലെങ്കിൽ അദ്ദേഹത്തിന്റെ സഹോദരി കിം യോ ജോങ് വഹിക്കുന്നതുപോലെ ‘പ്രചാരണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ’ പദവിയോ മകൾക്ക് ലഭിക്കാൻ സാധ്യതയുണ്ട്. നിലവിൽ ‘പ്രിയപ്പെട്ട മകൾ’ എന്ന പ്രതീകാത്മക വിശേഷണത്തിൽ നിന്നും ‘ജനറൽ’ പദവിയിലേക്കോ അല്ലെങ്കിൽ ഭരണഘടനാപരമായ ഉന്നത കൗൺസിലുകളിലേക്കോ അവളെ ഉൾപ്പെടുത്തിയാൽ, അത് അവൾ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ നേതാവാണെന്ന പ്രഖ്യാപനമായി മാറും. മിസൈൽ പരീക്ഷണങ്ങൾക്കും നയതന്ത്ര കൂടിക്കാഴ്ചകൾക്കും പുറമെ, സൈനിക കാര്യങ്ങളിൽ നേരിട്ട് ഇടപെടാൻ അധികാരം നൽകുന്ന ഒരു ‘പ്രത്യേക പ്രതിനിധി’ പദവിയും അവൾക്കായി പ്യോങ്‌യാങ്ങ് കരുതിവെച്ചിട്ടുണ്ടാകാം.

Also Read: ഈജിപ്തിലെ പിരമിഡുകൾക്ക് സമീപം ഒരു തമിഴ് പേര്! 2000 വർഷം പഴക്കമുള്ള ആ രഹസ്യം പുറത്താകുന്നു?

സമീപകാലത്ത് പുറത്തുവന്ന ദൃശ്യങ്ങളിൽ കിം ജു എയെ അവതരിപ്പിച്ചിരിക്കുന്നത് കേവലം ഒരു മകളായല്ല, മറിച്ച് അധികാരത്തിന്റെ തുല്യ പങ്കാളിയായാണ്. മുമ്പ് കിം ജോങ് ഉന്നിന്റെ തൊട്ടുപിന്നിലായി നിന്നിരുന്ന ജു എ, ഇപ്പോൾ സൈനിക പരേഡുകളിൽ അദ്ദേഹത്തിന് ഒപ്പത്തിനൊപ്പമോ അല്ലെങ്കിൽ അല്പം മുന്നിലോ നടക്കുന്നത് അതീവ ഗൗരവകരമായ സൂചനയാണ്.

See also  നരവനെയുടെ പുസ്തക വിവാദം: പ്രസാധകർക്ക് വീണ്ടും നോട്ടീസ്; വിരമിച്ച സൈനികരുടെ പുസ്തകങ്ങൾക്ക് പുതിയ നിയമാവലി

ഔദ്യോഗിക വിരുന്നുകളിലും യോഗങ്ങളിലും കിം ജോങ് ഉന്നിന്റെ തൊട്ടടുത്ത കസേരയിൽ ജു എ ഇരിക്കുന്നത് നോർത്ത് കൊറിയൻ രാഷ്ട്രീയത്തിലെ അലിഖിത നിയമങ്ങളുടെ ലംഘനമാണ്. മുതിർന്ന ജനറൽമാർ പോലും ഭയഭക്തിയോടെ നിലകൊള്ളുമ്പോൾ, പിതാവിനൊപ്പം തുല്യ പ്രാധാന്യത്തോടെയുള്ള അവളുടെ ഇരിപ്പ് അവൾ ‘സുപ്രീം ലീഡറുടെ’ സ്വാഭാവിക പിൻഗാമിയാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്.

2025 സെപ്റ്റംബറിൽ ചൈന സന്ദർശിച്ചപ്പോൾ, ഷീ ജിൻപിങ് ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ ജു എയ്ക്ക് നൽകിയ സ്വീകരണം ശ്രദ്ധേയമായിരുന്നു. കവചിത ട്രെയിനിൽ നിന്ന് ഇറങ്ങിവന്ന അവളെ ചൈനീസ് ഉദ്യോഗസ്ഥർ ഔദ്യോഗികമായി സ്വീകരിച്ചത്, ലോകത്തിലെ കരുത്തരായ സഖ്യകക്ഷികൾ പോലും അവളെ കിമ്മിന്റെ പിൻഗാമിയായി അംഗീകരിച്ചു കഴിഞ്ഞു എന്നതിന്റെ തെളിവാണ്. സൈനിക പരേഡുകളിൽ കിം ജു എയുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പുകളും മെഡലുകളും പുറത്തിറക്കിയത് മറ്റൊരു പ്രധാന നീക്കമാണ്. സൈന്യത്തിന്റെ വിശ്വസ്തത നേടിയെടുക്കാൻ ‘ജനറൽ’ എന്ന പദവിയിലേക്ക് കിം ജു എ താമസിയാതെ ഉയർത്തപ്പെട്ടേക്കാം.

Also Read: ഭൂമിക്കടിയിലെ പ്രതിരോധം, പിക്കാക്സ് പർവ്വതത്തിലെ അദൃശ്യമായ ആണവനഗരം; ചാരത്തിൽ നിന്നുയരുന്ന ഇറാന്റെ ശാസ്ത്രകരുത്ത്!

ഫെബ്രുവരി അവസാനം നടക്കാനിരിക്കുന്ന ഉത്തരകൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ നിർണ്ണായകമായ കോൺഗ്രസിൽ ജു എയുടെ പദവിയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. വടക്കൻ കൊറിയയുടെ ആണവ അഭിലാഷങ്ങൾക്കും യുദ്ധ പദ്ധതികൾക്കും ഇടയിൽ ഈ കൗമാരക്കാരിയുടെ സാന്നിധ്യം രാജ്യത്തിന്റെ പ്രതിച്ഛായ ലോകത്തിന് മുന്നിൽ മയപ്പെടുത്താൻ സഹായിക്കുന്നുണ്ട്.

ഉത്തര കൊറിയയുടെ അധികാരത്തിന്റെ ഇടനാഴികളിൽ കിം ജു എ എന്ന കൗമാരക്കാരിയുടെ നിഴൽ കൂടുതൽ ദൃഢമാവുകയാണ്. കേവലം ഒരു പിതാവിന്റെ വാത്സല്യഭാജനമല്ല, മറിച്ച് ദശകങ്ങളായി ലോകത്തെ മുൾമുനയിൽ നിർത്തുന്ന ഒരു ആണവ ശക്തിയുടെ വരാനിരിക്കുന്ന അമരക്കാരിയാണ് കിം ജു എ. കിം വംശത്തിന്റെ നാലാം തലമുറയായി അവൾ സിംഹാസനത്തിലേക്ക് എത്തുമ്പോൾ, അത് ലോകത്തിലെ ഏറ്റവും നിഗൂഢമായ ആ രാജ്യത്ത് എന്ത് മാറ്റങ്ങൾ വരുത്തുമെന്നത് പ്രവചനാതീതമാണ്.

കൗമാരത്തിന്റെ നിഷ്കളങ്കതയിൽ നിന്നും ഏകാധിപത്യത്തിന്റെ ഉരുക്കുമുഷ്ടിയിലേക്ക് കിം ജു എ എത്രവേഗം പാകപ്പെടുമെന്ന് ലോകം ഉറ്റുനോക്കുന്നു. ഈ കൗമാരക്കാരിക്ക് തന്റെ രാജ്യത്തിനായി എന്തൊക്കെ പദ്ധതികൾ ഉണ്ടായിരുന്നാലും, വരാനിരിക്കുന്ന കാലം പ്യോങ്‌യാങ്ങിലെ ചുവന്ന കോട്ടയ്ക്കുള്ളിൽ ഒരു പെൺകരുത്തിന്റെ ചരിത്രമെഴുതാൻ തയ്യാറെടുക്കുകയാണ്. അത് ലോകസമാധാനത്തിന് ഒരു പുതിയ വെല്ലുവിളിയാകുമോ അതോ മാറ്റത്തിന്റെ കാറ്റായി മാറുമോ എന്നറിയാൻ നാം ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

വീഡിയോ കാണാം…

The post ചുവന്ന കോട്ടയ്ക്കുള്ളിലെ ‘പെൺപുലി’; രാഷ്ട്രീയത്തെ വിറപ്പിക്കാൻ അവൾ വരുന്നു! appeared first on Express Kerala.

Spread the love

New Report

Close