
തമിഴ്നാട് വെട്രി കഴകം (ടി.വി.കെ.) അധ്യക്ഷൻ വിജയ്ക്കും നടി തൃഷയ്ക്കുമെതിരെ അധിക്ഷേപ പരാമർശവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ രംഗത്തെത്തി. രാഷ്ട്രീയത്തിൽ ശോഭിക്കണമെങ്കിൽ വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണമെന്നും വീട്ടിൽ നിന്ന് പുറത്തിറങ്ങി കാര്യങ്ങൾ പഠിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. സേലത്ത് നടന്ന ടി.വി.കെ. റാലിയിൽ തമിഴ്നാട്ടിലെ മത്സരം ഡി.എം.കെയും തന്റെ പാർട്ടിയും തമ്മിലാണെന്ന വിജയിന്റെ പ്രസ്താവനയാണ് ബി.ജെ.പി. നേതാവിനെ ചൊടിപ്പിച്ചത്. കുടുംബത്തെ നോക്കാനും മുതിർന്നവർ പറയുന്നത് കേൾക്കാനും വിജയ് തയ്യാറാകണമെന്നും നൈനാർ നാഗേന്ദ്രൻ കൂട്ടിച്ചേർത്തു.
വിജയ്ക്ക് രാഷ്ട്രീയത്തിൽ അനുഭവസമ്പത്തില്ലെന്നും അടിസ്ഥാന കാര്യങ്ങൾ പോലും അറിയില്ലെന്നും നൈനാർ നാഗേന്ദ്രൻ വിമർശിച്ചു. “മേൽക്കൂരയിൽ കയറി കോഴിയെ പിടിക്കാൻ കഴിയാത്തവർക്ക് ആകാശത്തേറി വൈകുണ്ഠത്തിൽ പോകാൻ കഴിയുമോ” എന്ന പരിഹാസത്തിലൂടെ വിജയിന്റെ രാഷ്ട്രീയ മോഹങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. നടനായതുകൊണ്ട് മാത്രം വോട്ട് ബാങ്കിന്റെ 32 ശതമാനം ലഭിക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും, നല്ല നേതാക്കൾ നയിക്കുന്ന പ്രസ്ഥാനങ്ങളെ ബഹുമാനിക്കാൻ വിജയ് പഠിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Also Read: എയർ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ; സർട്ടിഫിക്കറ്റില്ലാതെ വിമാനം പറത്തിയത് എട്ടുതവണ
അതേസമയം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ പണം വാങ്ങിയാലും വോട്ട് ടി.വി.കെയ്ക്ക് തന്നെ നൽകണമെന്ന് വിജയ് സേലത്തെ യോഗത്തിൽ അഭ്യർത്ഥിച്ചു. എതിരാളികൾ നൽകുന്ന പണം നിരസിക്കേണ്ടതില്ലെന്നും എന്നാൽ വോട്ട് രേഖപ്പെടുത്തുമ്പോൾ പാർട്ടിയുടെ ചിഹ്നമായ ‘വിസിലിന്’ തന്നെ നൽകണമെന്നുമാണ് അദ്ദേഹം അണികളോട് പറഞ്ഞത്. അഴിമതിക്കാരെയും ദുഷ്ടശക്തികളെയും വിസിൽ ശബ്ദം കേട്ട് തുരത്തണമെന്ന ആഹ്വാനത്തോടെ രാഷ്ട്രീയ പോരാട്ടം കടുപ്പിക്കാനാണ് വിജയിന്റെ നീക്കം.
The post വിജയ്ക്കും നടി തൃഷയ്ക്കുമെതിരെ അധിക്ഷേപ പരാമർശം; തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ വിവാദത്തിൽ appeared first on Express Kerala.


