
മലയാളികളുടെ പ്രണയസങ്കൽപ്പങ്ങൾക്ക് ‘നിനക്കായ്’, ‘ആദ്യമായ്’ തുടങ്ങിയ ആൽബങ്ങളിലൂടെ ദൃശ്യഭാഷ്യം നൽകിയ ഈസ്റ്റ് കോസ്റ്റ് വിജയൻ, മറ്റൊരു പ്രണയദിനത്തിൽ പുതിയൊരു ഗാനവുമായി എത്തിയിരിക്കുകയാണ്. അദ്ദേഹം സംവിധാനം ചെയ്യുന്ന ‘ഭീഷ്മർ’ എന്ന ചിത്രത്തിലെ ‘ഇത്തിരി പോന്നൊരു’ എന്ന് തുടങ്ങുന്ന മനോഹരമായ ക്യാമ്പസ് പ്രണയ ഗാനമാണ് പുറത്തിറങ്ങിയത്. പ്രണയദിന സമ്മാനമായി റിലീസ് ചെയ്ത ഈ ഗാനം ഇതിനോടകം തന്നെ സംഗീതപ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം പകർന്നിരിക്കുന്നത്. അനില രാജീവാണ് ഗായിക.
ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഭീഷ്മർ’ എന്ന സിനിമയ്ക്കുണ്ട്. ‘കള്ളനും ഭഗവതിയും’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രണയവും സംഗീതവും ഒരുപോലെ കോർത്തിണക്കിയുള്ള ഈ ചിത്രം ഈസ്റ്റ് കോസ്റ്റ് വിജയന്റെ മുൻകാല ഹിറ്റുകൾ പോലെ തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
ദിവ്യ പിള്ള, അമ്മേര എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ മലയാളത്തിലെ വൻ താരനിരയാണ് അണിനിരക്കുന്നത്. ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി, അബു സലിം തുടങ്ങി വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. പ്രണയത്തിന്റെ നിഷ്കളങ്കതയും ക്യാമ്പസ് ഓർമ്മകളും ഉണർത്തുന്ന പുതിയ ഗാനം സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിച്ചിരിക്കുകയാണ്. സംഗീത ആൽബങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ സംവിധായകൻ സിനിമയിലും ആ മാജിക് ആവർത്തിക്കുന്നു എന്നതാണ് ശ്രദ്ധേയം.
The post പ്രണയദിനത്തിൽ ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംഗീത സമ്മാനം; ‘ഭീഷ്മർ’ സിനിമയിലെ പുത്തൻ ഗാനം പുറത്തിറങ്ങി appeared first on Express Kerala.


