
വായ്പ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ ബാങ്കുകളും റിക്കവറി ഏജന്റുമാരും പാലിക്കേണ്ട നടപടിക്രമങ്ങളിൽ കർശന നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക് രംഗത്തെത്തി. കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ആർബിഐ ഈ കരട് നിർദേശങ്ങൾ പുറത്തിറക്കിയത്. വായ്പക്കാരെ ഭീഷണിപ്പെടുത്തുന്നതും ഉപദ്രവിക്കുന്നതും തടയുക, റിക്കവറി നടപടികളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക എന്നിവയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. മാർച്ച് ആറുവരെ ഈ നിർദേശങ്ങളിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാവുന്നതാണ്.
വായ്പക്കാരോട് മാന്യമായി പെരുമാറണമെന്നും ശാരീരികമായോ മാനസികമായോ അവരെ പീഡിപ്പിക്കാൻ പാടില്ലെന്നും ആർബിഐ കർശനമായി നിർദേശിക്കുന്നു. ഓരോ ബാങ്കും വായ്പ തിരിച്ചെടുക്കുന്നതിനായി വ്യക്തമായ പെരുമാറ്റച്ചട്ടവും നയവും രൂപീകരിക്കണം. റിക്കവറി ഏജന്റുമാരുടെ പ്രവർത്തനം നിരീക്ഷിക്കാൻ ബാങ്കുകൾക്ക് ബാധ്യതയുണ്ട്. പരാതികൾ അറിയിക്കാൻ കൃത്യമായ സംവിധാനം ഒരുക്കണമെന്നും ഈടായി നൽകിയ വസ്തുവകകൾ ഏറ്റെടുക്കുന്നതിന് കൃത്യമായ നിയമസാധുതയുള്ള ചട്ടങ്ങൾ പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
Also Read: സ്വർണ്ണം സൂക്ഷിക്കാൻ നിയമപരമായ പരിധിയുണ്ടോ? ആദായനികുതി വകുപ്പിന്റെ പുതിയ മാർഗനിർദേശങ്ങൾ അറിയാം
ബാങ്കുകൾ നിയോഗിക്കുന്ന റിക്കവറി ഏജന്റുമാരുടെ പട്ടിക ശാഖകളിലും വെബ്‌സൈറ്റുകളിലും പരസ്യപ്പെടുത്തണം. ഒരു ഏജന്റിനെ ചുമതലപ്പെടുത്തുന്നതിന് മുൻപ് വായ്പക്കാരനെ അത് ഔദ്യോഗികമായി അറിയിച്ചിരിക്കണം. വായ്പക്കാരൻ നൽകിയ പരാതിയിൽ തീർപ്പുണ്ടാകുന്നത് വരെ ഏജന്റുമാരെ നിയമിക്കാൻ പാടില്ല. വായ്പക്കാരുമായി നടത്തുന്ന എല്ലാ ഫോൺ സംഭാഷണങ്ങളും റെക്കോഡ് ചെയ്യണമെന്നും, വിളിക്കുന്ന സമയവും നമ്പറും കൃത്യമായി രേഖപ്പെടുത്തണമെന്നും പുതിയ വ്യവസ്ഥകൾ വ്യക്തമാക്കുന്നു. സംഭാഷണം റെക്കോഡ് ചെയ്യുന്നുണ്ടെന്ന കാര്യം വായ്പക്കാരെ മുൻകൂട്ടി അറിയിക്കുകയും വേണം.
വായ്പക്കാരെ അധിക്ഷേപിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ ഭാഷ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. സോഷ്യൽ മീഡിയ വഴിയോ ഫോൺ വഴിയോ മോശം സന്ദേശങ്ങൾ അയക്കുന്നതും, അസമയത്ത് തുടർച്ചയായി വിളിക്കുന്നതും നിയമവിരുദ്ധമായി കണക്കാക്കും. വായ്പക്കാരെയോ അവരുടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ പൊതുമധ്യത്തിൽ അപമാനിക്കാനോ അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനോ പാടില്ല. കൂടാതെ, തിരിച്ചടവ് മുടങ്ങിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി വായ്പക്കാരെ വഞ്ചിക്കുന്നതിനും വിലക്കുണ്ട്.
The post വായ്പ തിരിച്ചടവ് മുടങ്ങിയാലും ഭീഷണി വേണ്ട; റിക്കവറി ഏജന്റുമാർക്ക് മൂക്കുകയറിട്ട് റിസർവ് ബാങ്ക് appeared first on Express Kerala.


