
കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ വിവിധ രാഷ്ട്രീയപ്പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് ട്രസ്റ്റുകൾ വഴി ലഭിച്ച ആകെ തുക 3826.35 കോടി രൂപയാണെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ ഭൂരിഭാഗവും ലഭിച്ചത് ഭരണകക്ഷിയായ ബി.ജെ.പി.ക്കാണ്. ആകെയുള്ള തുകയുടെ 82.52 ശതമാനവും (3157.65 കോടി രൂപ) ബി.ജെ.പി.ക്ക് ലഭിച്ചപ്പോൾ, കോൺഗ്രസിന് 298.78 കോടിയും തൃണമൂൽ കോൺഗ്രസിന് 102 കോടിയും മാത്രമാണ് ലഭിച്ചത്. ആകെ രജിസ്റ്റർ ചെയ്തിട്ടുള്ള 20 ട്രസ്റ്റുകളിൽ 15 എണ്ണം റിപ്പോർട്ട് സമർപ്പിച്ചെങ്കിലും 10 പാർട്ടികൾക്ക് മാത്രമാണ് പ്രധാനമായും സംഭാവനകൾ ലഭിച്ചത്.
വിവിധ വ്യാപാര സ്ഥാപനങ്ങളും വ്യക്തികളും ചേർന്നാണ് ഈ വമ്പിച്ച തുക രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറിയത്. 228 വ്യാപാര സ്ഥാപനങ്ങളിൽ നിന്നായി 3636.82 കോടി രൂപയും വ്യക്തികളിൽ നിന്ന് 187.62 കോടിയും ലഭിച്ചു. 500 കോടി രൂപ നൽകിയ എലിവേറ്റഡ് അവന്യൂ റിയാൽറ്റിയാണ് ഏറ്റവും വലിയ സംഭാവന നൽകിയ സ്ഥാപനം. ടാറ്റാ സൺസ്, ടി.സി.എസ്, കേരളത്തിൽ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ മേഘ എൻജിനിയറിങ് തുടങ്ങിയ പ്രമുഖ കമ്പനികളും പട്ടികയിലുണ്ട്. നിർമ്മാണ മേഖല (1063.13 കോടി), റിയൽ എസ്റ്റേറ്റ് (629.17 കോടി) എന്നീ മേഖലകളിൽ നിന്നാണ് ഏറ്റവും കൂടുതൽ ഫണ്ട് ഒഴുകിയത്.
സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കെടുത്താൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ സംഭാവനകൾ നൽകിയത് മഹാരാഷ്ട്രയാണ് (1225.43 കോടി). തൊട്ടുപിന്നാലെ തെലങ്കാന, ഹരിയാന, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ വരുന്നു. കേരളത്തിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾക്ക് 50 കോടി രൂപയാണ് ട്രസ്റ്റുകൾ മുഖേന സംഭാവനയായി ലഭിച്ചത്. മൊത്തം വിഹിതത്തിൽ ഏറ്റവും കൂടുതൽ തുക പാർട്ടികളിലേക്ക് എത്തിച്ചത് ‘പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റ്’ എന്ന പ്രമുഖ ട്രസ്റ്റാണെന്നും എ.ഡി.ആർ റിപ്പോർട്ടിൽ പറയുന്നു.
The post രാഷ്ട്രീയ ഫണ്ടിന്റെ 82 ശതമാനവും ബിജെപിക്ക്; ഇലക്ടറൽ ട്രസ്റ്റ് വിഹിതത്തിൽ മറ്റ് പാർട്ടികൾ ബഹുദൂരം പിന്നിൽ appeared first on Express Kerala.


