
തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് തിരുവമ്പാടി ദേവസ്വത്തിനെതിരെ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് പിൻവലിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. വാദിയെ പ്രതിയാക്കുന്ന തരത്തിലുള്ള ഇത്തരം റിപ്പോർട്ടുകൾ അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുൻ മന്ത്രി വി.എസ്. സുനിൽ കുമാറും മന്ത്രി കെ. രാജനുമാണ് യഥാർത്ഥ ഗൂഢാലോചനാ പ്രതികളെന്നും ബി. ഗോപാലകൃഷ്ണൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പോലീസാണ് കുറ്റക്കാരനെന്ന് ഇത്രയും കാലം പറഞ്ഞവർ ഇപ്പോൾ കളക്ടറെ പഴിചാരി പുതിയ ഇരയെ കണ്ടെത്തുകയാണ്. കളക്ടറെ നിയന്ത്രിക്കേണ്ട മന്ത്രി രാജൻ എന്തുകൊണ്ടാണ് ഇതുവരെ നടപടിയെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. വെടിക്കെട്ട് തീരുമാനിക്കുന്ന യോഗത്തിൽ കളക്ടറും സുനിൽ കുമാറും താനുമെല്ലാം ഉണ്ടായിരുന്നിട്ടും അന്ന് കളക്ടർക്കെതിരെ ഒന്നും മിണ്ടാത്തവർ ഇപ്പോൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നീങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു. സുനിൽ കുമാറിനെ പൂരത്തിന്റെ രക്ഷകനായി അവതരിപ്പിക്കാനുള്ള നാടകമാണ് പോലീസ് നടത്തിയതെന്നും ബി. ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
കേരള സർക്കാർ തുടരുന്ന ഹൈന്ദവ വിരുദ്ധ സമീപനത്തിന്റെ ഭാഗമാണിതെന്ന് ആരോപിച്ച ഗോപാലകൃഷ്ണൻ, മറ്റ് മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്കെതിരെ ഇത്തരത്തിൽ റിപ്പോർട്ടുകൾ വരാറുണ്ടോ എന്നും ചോദിച്ചു. പോലീസ് എന്തിന് ലാത്തിചാർജ് നടത്തിയെന്നും ആനക്കാരെ തടഞ്ഞുവെന്നും ചർച്ച ചെയ്യുന്നതിന് പകരം ഭക്തരെയും ദേവസ്വത്തെയും ലക്ഷ്യം വെക്കുന്നത് ശരിയല്ല. സുനിൽ കുമാർ എത്തുന്നതിന് മുൻപ് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയതിലുള്ള വിരോധമാണ് ഈ അന്വേഷണ റിപ്പോർട്ടിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
The post സുനിൽ കുമാറിനെ നായകനാക്കാൻ പോലീസ് നടത്തിയ നാടകം പാളി; അന്വേഷണ റിപ്പോർട്ടിനെതിരെ ബി. ഗോപാലകൃഷ്ണൻ appeared first on Express Kerala.


