
രാജ്യത്തിന്റെ വികസന കാര്യങ്ങളിൽ സർക്കാരിനൊപ്പം നിൽക്കുന്നതുകൊണ്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ ‘അരസംഘി’ എന്നോ ‘മുക്കാൽ സംഘി’ എന്നോ വിളിക്കരുതെന്ന് സുരേഷ് ഗോപി. രാഷ്ട്രീയമായ എതിർപ്പുകൾ നിലനിൽക്കുമ്പോഴും രാജ്യപുരോഗതിക്കായി ഒന്നിച്ചുനിൽക്കുന്ന അപൂർവ്വം നേതാക്കളാണ് പ്രേമചന്ദ്രനും ശശി തരൂരുമെന്ന് അദ്ദേഹം പ്രശംസിച്ചു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. രാജ്യം ജയിക്കണമെന്ന് ആഗ്രഹിക്കുന്ന ഇത്തരം രാഷ്ട്രീയക്കാരെ വികസനത്തിന്റെ പേരിൽ അധിക്ഷേപിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിൽ കൊല്ലം ഒന്നാം സ്ഥാനത്താണെന്നും സുരേഷ് ഗോപി പറഞ്ഞു. മുൻപ് പല സർക്കാരുകളും മന്ത്രിമാരും മാറിമാറി വന്നിട്ടും പൂർത്തിയാകാതെ കിടന്ന ഈ പദ്ധതി നരേന്ദ്ര മോദി സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണ് യാഥാർത്ഥ്യമായത്. പ്രധാനമന്ത്രിയുടെ പ്രത്യേക അനുമതിയോടെ കേരളത്തിലെ ആദ്യത്തെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സിസ്റ്റം കൊല്ലത്ത് സ്ഥാപിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും, തന്റെ രാജ്യസഭാ കാലയളവിൽ ഇത്തരം വികസന പ്രവർത്തനങ്ങൾക്കായി എന്നും ശബ്ദമുയർത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
The post “പ്രേമചന്ദ്രനെ ‘അരസംഘി’ ആക്കരുത്”! വികസനത്തിന് രാഷ്ട്രീയമില്ലെന്ന് സുരേഷ് ഗോപി appeared first on Express Kerala.


