
ഇന്ത്യൻ റെയിൽവേയിലെ ജനറൽ കോച്ചുകളിലുൾപ്പെടെ ഇനി മുതൽ നിശ്ചിത ഇടവേളകളിൽ ശുചീകരണം നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നിലവിൽ ഫസ്റ്റ് ക്ലാസ് കോച്ചുകളിൽ മാത്രം ലഭ്യമായ ഈ സൗകര്യം റിസർവേഷനില്ലാത്ത ജനറൽ കോച്ചുകളിലേക്കും വ്യാപിപ്പിക്കുകയാണ്. ഒന്ന് മുതൽ ഒന്നര മണിക്കൂർ വരെയുള്ള ഇടവേളകളിൽ ശുചീകരണ തൊഴിലാളികളെത്തി കോച്ചുകളും ടോയ്‌ലറ്റുകളും വൃത്തിയാക്കും. ആദ്യഘട്ടത്തിൽ വിവിധ സോണുകളിലായി തിരഞ്ഞെടുത്ത 80 ദീർഘദൂര ട്രെയിനുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ട്രെയിനുകളിലും ഈ സേവനം ഉറപ്പാക്കുമെന്നും നിർമിതബുദ്ധിയുടെ സഹായത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
റെയിൽവേയുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ട്രെയിനുകളിലെ ലിനൻ വിതരണം, ശേഖരണം, ക്ലീനിങ് തുടങ്ങിയ ജോലികൾ ഏകോപിപ്പിക്കാൻ ഒറ്റ ഏജൻസിയെ ചുമതലപ്പെടുത്തും. ചരക്കുനീക്ക ചെലവ് കുറയ്ക്കുന്നതിനായി മൂന്ന് വർഷത്തിനകം 124 ഗതിശക്തി കാർഗോ ടെർമിനലുകൾ സ്ഥാപിക്കാനും മന്ത്രാലയത്തിന് പദ്ധതിയുണ്ട്. ഈ കാർഗോ ടെർമിനലുകളെ മൾട്ടി മോഡൽ കണക്ടിവിറ്റി ഹബ്ബുകളാക്കി മാറ്റുന്നതിലൂടെ ചരക്ക് ഗതാഗത മേഖലയിൽ വലിയ കുതിച്ചുചാട്ടമാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
The post ഇനി ജനറൽ കോച്ചുകളും തിളങ്ങും; ഓരോ മണിക്കൂർ ഇടവേളയിലും ശുചീകരണം, റെയിൽവേയുടെ വൻ പ്രഖ്യാപനം appeared first on Express Kerala.


