
കൊച്ചിയിലെ മെൻസ് ഹോസ്റ്റൽ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് ഗുളികകളും എംഡിഎംഎയുമായി മട്ടാഞ്ചേരി സ്വദേശി എക്സൈസ് പിടിയിലായി. മട്ടാഞ്ചേരി സ്വദേശി ഫൈസൽ നാസർ (33) ആണ് 159 നൈട്രാസെപാം ഗുളികകളും 0.633 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിംകുമാർ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. എക്സൈസ് ഇൻസ്പെക്ടർ സേതുലക്ഷ്മി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഈ റെയ്ഡിൽ പങ്കെടുത്തു.
മറ്റൊരു സംഭവത്തിൽ, ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എക്സൈസും ആർ.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. ധൻബാദ് – ആലപ്പുഴ എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന മൂന്ന് ബാഗുകളിൽ നിന്നായി 30 കിലോയോളം കഞ്ചാവാണ് കണ്ടെടുത്തത്. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിസ്മി ജസീറ, റെയിൽവേ സംരക്ഷണ സേന സി.ഐ പ്രിൻസ് എ.കെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഈ പരിശോധന. കഞ്ചാവിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള അന്വേഷണം അധികൃതർ ഊർജിതമാക്കിയിട്ടുണ്ട്.
Also Read: സ്കൂളിൽ വിദ്യാർത്ഥി സംഘർഷം; പത്താം ക്ലാസുകാരന് പുറത്തുനിന്നെത്തിയ സംഘത്തിന്റെ ക്രൂരമർദനം
അതേസമയം കൊല്ലം മുട്ടറയിൽ ഉത്സവകാല വിപണനത്തിനായി സൂക്ഷിച്ചിരുന്ന വിദേശമദ്യവുമായി ഒരാളെ എഴുകോൺ എക്സൈസ് സംഘം പിടികൂടി. ഉമേഷ് (39) എന്നയാളാണ് 26 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ സാജൻ.സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ലഹരി വിരുദ്ധ പരിശോധനകൾ ശക്തമായി തുടരുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.
The post സംസ്ഥാനത്ത് എക്സൈസ് വേട്ട; കൊച്ചിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ appeared first on Express Kerala.


