
ശബരിമല യുവതിപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് തിരുത്താതെ ഇടതുപക്ഷത്തിന് ഇനി മുന്നോട്ടുപോകാനാവില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതിപ്രവേശവുമായി ബന്ധപ്പെട്ട് കേരള ജനത ഒരുപാട് അനുഭവിച്ചതാണെന്നും, ജനങ്ങളുടെ ആവശ്യം പരിഗണിച്ച് സർക്കാർ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണക്കടത്ത് വിവാദങ്ങൾ മറയ്ക്കാനാണ് സർക്കാർ ‘അയ്യപ്പ സംഗമം’ നടത്തിയത്. എന്നാൽ അത് മറ്റൊരു മഹാകൊള്ളയായി മാറിയെന്നും വേണുഗോപാൽ വിമർശിച്ചു. യഥാർത്ഥ കള്ളന്മാർ സി.പി.ഐ.എം നേതാക്കളാണെന്നും, യു.ഡി.എഫ് നേതാക്കളെ പ്രതിയാക്കാൻ ആര് ശ്രമിച്ചാലും അത് നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാൻ ഇരിക്കെയാണ് വേണുഗോപാലിന്റെ ഈ കടുത്ത പ്രതികരണം. 2018-ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ 2019-ന് ശേഷം ആദ്യമായാണ് കോടതിയുടെ മുന്നിലെത്തുന്നത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് ഹർജികൾ പരിഗണിക്കുകയും ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ രൂപീകരണത്തിൽ തീരുമാനമെടുക്കുകയും ചെയ്തേക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ശബരിമല വിഷയം വീണ്ടും സജീവമാകുന്നത് സംസ്ഥാന സർക്കാരിന് രാഷ്ട്രീയമായി വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
The post ശബരിമലയിൽ നിലപാട് തിരുത്താതെ സർക്കാരിന് മുന്നോട്ടുപോകാനാവില്ല; ‘അയ്യപ്പ സംഗമം’ മഹാകൊള്ളയെന്ന് കെ.സി. വേണുഗോപാൽ appeared first on Express Kerala.


