
മലയാള സിനിമ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന്റെ ടൈറ്റിലും ട്രെയിലറും ഫെബ്രുവരി 17-ന് പുറത്തിറങ്ങും. ‘എല്ലാ കഥകൾക്കും ഒരു നിമിഷമുണ്ട്, ഞങ്ങളുടേത് തുടങ്ങുന്നത് 17-ന്’ എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ ഔദ്യോഗിക പോസ്റ്റർ പങ്കുവെച്ചത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമിനേഷൻസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കേരള രാഷ്ട്രീയത്തിലെ ചില നിർണ്ണായക സംഭവങ്ങളെ ആസ്പദമാക്കിയാണ് ബി. ഉണ്ണികൃഷ്ണൻ ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമാ ജീവിതത്തിന്റെ 50-ാം വർഷത്തിൽ അതിശക്തമായ ഒരു വേഷത്തിലൂടെ ബാലചന്ദ്രമേനോൻ ഈ ചിത്രത്തിലൂടെ തിരിച്ചെത്തുന്നു. നാലായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളെയും ആയിരത്തിലേറെ പോലീസുകാരെയും അണിനിരത്തി തിരുവനന്തപുരത്ത് ചിത്രീകരിച്ച സെക്രട്ടേറിയറ്റ് വളയൽ രംഗം മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ സീക്വൻസുകളിൽ ഒന്നാണ്.
കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി തൊണ്ണൂറോളം ദിവസങ്ങളെടുത്താണ് ചിത്രം പൂർത്തിയായത്. ഷറഫുദ്ദീൻ, ഹരിശ്രീ അശോകൻ, ആൻ അഗസ്റ്റിൻ, സായ് കുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന്റെ സംഗീതം. പെരുന്നാൾ റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം.
The post ‘എല്ലാ കഥകൾക്കും ഒരു നിമിഷമുണ്ട്, ഞങ്ങളുടേത് തുടങ്ങുന്നത് 17-ന്’; നിവിൻ പോളി- ബി ഉണ്ണികൃഷ്‍ണൻ ചിത്രം ഉടൻ! appeared first on Express Kerala.


