
ബെംഗളൂരു: രണ്ടാമത്തെ കുഞ്ഞിന്റെ വരവിനായുള്ള കാത്തിരിപ്പിനിടയിൽ ആദ്യത്തെ കുട്ടിക്ക് ദാരുണാന്ത്യം. മൂന്ന് വയസ്സുകാരനായ ലക്ഷ്മീർ എന്ന കുട്ടിയാണ് സ്വിമ്മിംഗ് പൂളിൽ വീണുമരിച്ചത്. നെലമംഗലയ്ക്ക് സമീപം ഗിഡ്ഡേനഹള്ളിയിലെ റിസോർട്ടിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്.
ജെ.പി. നഗർ സ്വദേശികളായ സ്വാതിയുടെയും ചരൺ രാജിന്റെയും മകനാണ് മരിച്ച ലക്ഷ്മീർ. എട്ട് മാസം ഗർഭിണിയായ സ്വാതി സുഹൃത്തിനൊപ്പം ഗർഭകാല ഫോട്ടോഷൂട്ടിനായി എത്തിയതായിരുന്നു. ലക്ഷ്മീർ സമീപത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ പൂളിൽ വീഴുകയായിരുന്നു. മകന്റെ മരണവാർത്തയറിഞ്ഞ ആഘാതത്തിൽ സ്വാതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലി സംബന്ധമായി വിദേശത്തായിരുന്ന പിതാവ് ചരൺ രാജ് നാളെ ബെംഗളൂരുവിൽ എത്തും. ഫോട്ടോഷൂട്ടിന്റെ തിരക്കിനിടയിൽ കുഞ്ഞിനെ ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് മാദനായകനഹള്ളി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
The post ഒരു നിമിഷത്തെ അശ്രദ്ധ, പൊലിഞ്ഞത് പിഞ്ചുജീവൻ; ഫോട്ടോഷൂട്ടിനിടെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം appeared first on Express Kerala.


