
കഴിഞ്ഞ പത്തു വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്കായി സർക്കാർ ഖജനാവിൽ നിന്ന് 762 കോടി രൂപ ചെലവായതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ലോക്‌സഭയെ അറിയിച്ചു. വെള്ളിയാഴ്ച സഭയിൽ സമർപ്പിച്ച രേഖാമൂലമുള്ള മറുപടിയിലാണ് ഈ കണക്കുകൾ വ്യക്തമാക്കിയത്. 2024-ൽ വാർഷിക യാത്രാച്ചെലവ് 100 കോടി രൂപയായിരുന്നെങ്കിൽ, 2025-ൽ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ വർധിച്ചതോടെ ഇത് 175 കോടി രൂപയായി ഉയർന്നു.
യാത്രകളിലെ ആതിഥേയത്വ ചെലവുകൾ ഭൂരിഭാഗവും അതത് രാജ്യങ്ങൾ വഹിക്കുമ്പോൾ, സുരക്ഷാ ക്രമീകരണങ്ങൾ, ഔദ്യോഗിക പ്രതിനിധി സംഘം, മാധ്യമ സംഘം, ലോജിസ്റ്റിക്സ് എന്നിവയ്ക്കാണ് ഇന്ത്യ പ്രധാനമായും തുക ചെലവഴിക്കുന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ കാലത്തെ യാത്രാച്ചെലവുകളും മറുപടിയിൽ താരതമ്യം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന്, 2011-ലെ അമേരിക്കൻ സന്ദർശനത്തിന് 10.74 കോടി രൂപയും 2013-ലെ റഷ്യൻ യാത്രയ്ക്ക് 9.95 കോടി രൂപയുമാണ് അന്ന് ചെലവായത്.
Also Read: കെമിക്കൽ ഫാക്ടറിയിൽ ടാങ്ക് പൊട്ടിത്തെറിച്ചു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
പണപ്പെരുപ്പം, കറൻസി വിനിമയ നിരക്കിലെ മാറ്റങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങളിലെ കർശനമായ പരിഷ്കാരങ്ങൾ എന്നിവയാണ് ചെലവ് വർധിക്കാൻ കാരണമായി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, സന്ദർശിച്ച രാജ്യങ്ങളുടെ എണ്ണത്തിലും യാത്രാദൂരത്തിലും മുൻകാലങ്ങളെ അപേക്ഷിച്ച് വലിയ വർധനവുണ്ടായിട്ടുണ്ട്. ആഗോളതലത്തിൽ ഇന്ത്യയുടെ നയതന്ത്ര സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം വിപുലമായ വിദേശ പര്യടനങ്ങൾ സംഘടിപ്പിക്കുന്നത് എന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
The post മോദിയുടെ വിദേശയാത്രകൾക്ക് 10 വർഷത്തിനിടെ ചെലവായത് 762 കോടി രൂപ appeared first on Express Kerala.


