
ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് തിരുവനന്തപുരം പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസിൽ ചോദ്യം ചെയ്യലിന് ഹാജരായി. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിലെ കർശന ഉപാധികൾ പാലിച്ചാണ് നടപടി. രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയാണ് ചോദ്യം ചെയ്യൽ നിശ്ചയിച്ചിരിക്കുന്നത്. കേസിലെ നിർണ്ണായക തെളിവായ മൊബൈൽ ഫോൺ പരിശോധനയ്ക്കായി അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. മറ്റ് രണ്ട് സമാന കേസുകളിൽ നേരത്തെ കീഴ്കോടതികൾ രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.
പരാതിക്കാരിയും രാഹുലും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ പരിശോധിച്ച കോടതി, ഇരുവരും തമ്മിൽ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്ന് നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്. ഗർഭഛിദ്രം നടത്തിയത് യുവതിയുടെ സമ്മതത്തോടെയാണെന്നും ഇതിനായുള്ള മരുന്ന് യുവതിയുടെ ആവശ്യപ്രകാരമാണ് രാഹുൽ എത്തിച്ചതെന്നും ചാറ്റുകളിൽ നിന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഹുൽ നിരന്തര കുറ്റവാളിയാണെന്ന് സർക്കാർ വാദിച്ചെങ്കിലും, ഈ കേസിന് ശേഷമാണ് മറ്റ് പരാതികൾ ഉയർന്നതെന്ന വസ്തുത കോടതി ഓർമ്മിപ്പിച്ചു. പരസ്പര സമ്മതത്തോടെയുള്ള ബന്ധം തകരുമ്പോൾ അത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന സുപ്രീം കോടതി ഉത്തരവും ജാമ്യം നൽകുന്നതിൽ നിർണ്ണായകമായി.
Also Read: കേരളത്തിലെ തടവുകാരുടെ വേതന വർദ്ധന! നടപടിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി
ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണം, പാസ്‌പോർട്ട് ഹാജരാക്കണം, കേരളം വിട്ടുപോകരുത്, എല്ലാ രണ്ടാം ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം തുടങ്ങിയവയാണ് മറ്റ് നിബന്ധനകൾ. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഇതെന്നുമാണ് രാഹുലിന്റെ വാദം.
The post ഒന്നാമത്തെ ബലാത്സംഗ കേസ്! രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്യലിന് ഹാജരായി appeared first on Express Kerala.


