
ഡൽഹി: റേഷൻ വിതരണ രംഗം കൂടുതൽ സുതാര്യമാക്കാൻ ലക്ഷ്യമിട്ട് റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഇ-റുപ്പി (CBDC) ഉപയോഗിച്ചുള്ള റേഷൻ വിതരണത്തിന് ഗുജറാത്തിൽ തുടക്കമായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്ത പൈലറ്റ് പദ്ധതി അഹമ്മദാബാദ്, സൂറത്ത് ഉൾപ്പെടെയുള്ള നാല് ജില്ലകളിലാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. ഇതിനോടൊപ്പം തന്നെ അതിവേഗം ധാന്യങ്ങൾ നൽകുന്ന ‘ധാന്യ എടിഎം’ (Grain ATM) പദ്ധതിക്കും തുടക്കം കുറിച്ചു.
ഡിജിറ്റൽ ടോക്കൺ രീതിയിൽ റേഷൻ സബ്‌സിഡി തുക ഉപയോക്താക്കളുടെ ഫോണിലെ ഇ-റുപ്പി വാലറ്റിലേക്ക് ഡിജിറ്റൽ ടോക്കണുകളായി എത്തും. റേഷൻ കടയിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ഈ ടോക്കണുകൾ കൈമാറുന്നതോടെ സാധനങ്ങൾ ലഭിക്കും. റേഷൻ വാങ്ങാൻ മാത്രമേ ഈ ടോക്കണുകൾ ഉപയോഗിക്കാൻ കഴിയൂ എന്നതിനാൽ സബ്‌സിഡി തുക മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റാൻ കഴിയില്ല. സ്മാർട്ട്ഫോൺ ഇല്ലാത്തവർക്ക് ആധാർ അധിഷ്ഠിത ഒടിപി വഴി സാധാരണ ഫോണിലൂടെയും ഈ സേവനം പ്രയോജനപ്പെടുത്താം.
Also Read: നിർമ്മിത ബുദ്ധിയുടെ ഭാവി തേടി ലോകം ഭാരത് മണ്ഡപത്തിലേക്ക്; അന്താരാഷ്ട്ര എഐ ഉച്ചകോടിക്ക് ഇന്ന് തുടക്കം
എന്താണ് ഇ-റുപ്പി (CBDC)?
സാധാരണ യുപിഐ (UPI) ഇടപാടുകളിൽ പണം ബാങ്കുകൾ വഴിയാണ് കൈമാറുന്നതെങ്കിൽ, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയിൽ (CBDC) ഇടപാടുകൾ നേരിട്ട് ആർബിഐയുടെ വാലറ്റുകൾ തമ്മിലാണ് നടക്കുന്നത്. ആർബിഐ ഗവർണർ ഒപ്പിട്ടു നൽകുന്ന പേപ്പർ കറൻസിക്ക് തുല്യമായ ഡിജിറ്റൽ മൂല്യം ഇതിനുണ്ട്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post റേഷൻ വാങ്ങാൻ ഇനി ‘ഇ-റുപ്പി’: ഗുജറാത്തിൽ ഡിജിറ്റൽ വിപ്ലവത്തിന് തുടക്കം appeared first on Express Kerala.


