
ഹിമാനികളുടെ ചലന വേഗത സാധാരണയേക്കാൾ പത്തിരട്ടിയോ അതിലധികമോ വർദ്ധിക്കുന്ന ‘ഹിമാനി കുതിച്ചുചാട്ടം’ അഥവാ ഗ്ലേഷ്യർ സർജിനെക്കുറിച്ച് പുതിയ പഠന റിപ്പോർട്ടുകൾ പുറത്തുവന്നു. 3,100-ലധികം ഹിമാനികളിൽ ഇത്തരം പ്രതിഭാസങ്ങൾ ദൃശ്യമാകുന്നതായി ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. ഇതിൽ ഏറ്റവും അപകടകാരികളായ 81 ഹിമാനികളെ പ്രത്യേകം തിരിച്ചറിഞ്ഞിട്ടുണ്ട്. മഞ്ഞുപാളികൾ വളരെ വേഗത്തിൽ താഴേക്ക് നീങ്ങുന്ന ഈ പ്രതിഭാസം വലിയ പ്രകൃതി ദുരന്തങ്ങൾക്കും ഭൂപ്രകൃതിയിലെ മാറ്റങ്ങൾക്കും കാരണമായേക്കാം.
നേച്ചർ റിവ്യൂസ് എർത്ത് ആൻഡ് എൻവയോൺമെന്റിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ആർട്ടിക് മേഖല, ഹൈ മൗണ്ടൻ ഏഷ്യ, ആൻഡീസ് പർവതനിരകൾ എന്നിവിടങ്ങളിലെ ഹിമാനികളാണ് ഇത്തരത്തിൽ കൂട്ടമായി നീങ്ങുന്നത്. ഇതിൽ ഏഷ്യയിലെ കാരക്കോറം പർവതനിരകളിലാണ് ഏറ്റവും കൂടുതൽ മാറ്റങ്ങൾ കണ്ടുപിടിച്ചിരിക്കുന്നത്. പോർട്ട്സ്മൗത്ത് സർവകലാശാലയിലെ ഗവേഷകർ കാലാവസ്ഥാ വ്യതിയാനം ഈ പ്രതിഭാസത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ഗ്രഹത്തിന്റെ ഭാവിയിൽ ഇത് എന്ത് മാറ്റങ്ങൾ വരുത്തുമെന്നും വിശദമായി പരിശോധിച്ചു വരികയാണ്.
Also Read: നെയ്യ് പൂപ്പൽ പിടിക്കാതെ മാസങ്ങളോളം സൂക്ഷിക്കാം! അറിഞ്ഞിരിക്കേണ്ട ചില പൊടിക്കൈകൾ
ഹിമാനികളുടെ ഈ അസാധാരണ സ്വഭാവത്തെ ഗ്ലേഷ്യോളജിസ്റ്റായ ഡോ. ഹരോൾഡ് ലോവൽ വിവരിക്കുന്നത് ഒരു സേവിംഗ്സ് അക്കൗണ്ട് പോലെയാണ്. ഇവ ദീർഘകാലം മഞ്ഞ് ശേഖരിക്കുകയും പിന്നീട് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അതെല്ലാം അനിയന്ത്രിതമായി പുറന്തള്ളുകയും ചെയ്യുന്നു. ലോകത്തിലെ ആകെ ഹിമാനികളുടെ ഒരു ശതമാനം മാത്രമേ ഇത്തരത്തിൽ കുതിച്ചുചാട്ടം നടത്തുന്നുള്ളൂവെങ്കിലും, അവ ബാധിക്കുന്ന പ്രദേശം വളരെ വലുതാണ്. ഈ പ്രതിഭാസം ആയിരക്കണക്കിന് ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പ്രകൃതി ദുരന്തങ്ങൾക്ക് വഴിവെക്കുന്നു.
ഹിമാനി കുതിച്ചുചാട്ടം ആറ് പ്രധാന അപകടങ്ങളിലേക്ക് നയിക്കാമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഹിമാനികളുടെ അപ്രതീക്ഷിതമായ മുന്നേറ്റം, നദികളിലെ തടസ്സങ്ങൾ, മഞ്ഞുരുകിയ വെള്ളം പെട്ടെന്ന് പുറത്തേക്ക് ഒഴുകുന്നത് (Glacial Lake Outburst Floods), ഹിമാനി വേർപിരിയൽ, വലിയ വിള്ളലുകൾ, മഞ്ഞുമല അപകടങ്ങൾ എന്നിവയാണവ. പർവതപ്രദേശങ്ങളിൽ താമസിക്കുന്ന ജനസമൂഹങ്ങളെയും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെയും ഇത് ഗുരുതരമായി ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
The post ഏഷ്യൻ പർവതനിരകളിൽ ഹിമാനികൾ നീങ്ങുന്നു; പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയെന്ന് ശാസ്ത്രജ്ഞർ appeared first on Express Kerala.


