ലഖ്‌നൗ: ഉത്തർപ്രദേശിലെ അംബേദ്കർ നഗറിൽ അംഗീകാരമില്ലാത്ത സ്വകാര്യ ആശുപത്രിയിൽ പ്ലസ് ടു വിദ്യാർത്ഥിയും ബി.എ ബിരുദധാരിയും ചേർന്ന് നടത്തിയ സിസേറിയൻ ശസ്ത്രക്രിയയെത്തുടർന്ന് യുവതി മരിച്ചു. പ്രിയങ്ക എന്ന യുവതിയാണ് വ്യാജ ഡോക്ടർമാരുടെ കത്തിക്ക് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് 19-കാരനായ ശുഭം വിശ്വകർമ, 32-കാരനായ യോഗേഷ് വർമ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 5-നാണ് പ്രിയങ്ക പ്രസവത്തിനായി നവജീവൻ എന്ന ആശുപത്രിയിൽ എത്തിയത്. യോഗ്യതയില്ലാത്ത വ്യാജ ഡോക്ടർമാർ യുവതിയെ സിസേറിയന് വിധേയയാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം രക്തസ്രാവം നിലയ്ക്കാതെ വന്നതോടെ യുവതിയെ ലഖ്‌നൗവിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടന്ന പ്രതിഷേധങ്ങൾക്കൊടുവിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
Also Read: പ്രവാസിയുടെ വീട് കുത്തിത്തുറന്ന് സ്വർണം കവർന്നു; ക്വട്ടേഷൻ നൽകിയ സുഹൃത്ത് അറസ്റ്റിൽ
കഴിഞ്ഞ അഞ്ച് വർഷമായി പ്രവർത്തിക്കുന്ന ഈ ആശുപത്രിക്ക് ലൈസൻസോ ഫയർഫോഴ്സ് ക്ലിയറൻസോ പോലുമില്ലെന്ന് കണ്ടെത്തി. 3000 രൂപ മുതൽ 5000 രൂപ വരെ മാത്രം വാങ്ങി ശസ്ത്രക്രിയകൾ നടത്തിയിരുന്നതാണ് പാവപ്പെട്ട രോഗികളെ ഇവിടേക്ക് ആകർഷിച്ചിരുന്നത്. വാർഡ് ബോയിയുടെ മകനായ യോഗേഷ് വർമയ്ക്ക് ശസ്ത്രക്രിയകളിൽ മുൻപരിചയമുണ്ടെന്ന വ്യാജേനയാണ് വർഷങ്ങളായി ഇവർ ആളുകളെ ചികിത്സിച്ചിരുന്നത്. ആശുപത്രി ഉടമയായ റൂബി നിലവിൽ ഒളിവിൽ പോയിരിക്കുകയാണ്. വര്‍ഷങ്ങളായി യോഗേഷ് ശസ്ത്രക്രിയകള്‍ നടത്തിവന്നിരുന്നുവെന്ന് പൊലീസ് പറയുന്നു. ചീഫ് മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പരിശോധന നടത്തുകയും പൊലീസ് ഇടപെട്ട് അടച്ച് പൂട്ടുകയുമായിരുന്നു.
The post ഉത്തർപ്രദേശിൽ ‘വ്യാജ ഡോക്ടർമാരുടെ’ ക്രൂരത; സിസേറിയന് പിന്നാലെ യുവതി മരിച്ചു appeared first on Express Kerala.


