
കൊളംബോയിൽ നടന്ന ടി20 ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ പാകിസ്ഥാനെ തകർത്തുവിട്ടതിന് പിന്നാലെ, ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ പക്വതയാർന്ന പെരുമാറ്റം ചർച്ചയാകുന്നു. പാക് താരങ്ങളുമായി മൈതാനത്ത് ഒരു തരത്തിലുള്ള വാഗ്വാദങ്ങളിലും ഏർപ്പെടരുതെന്നും പ്രകോപനങ്ങളിൽ വീഴരുതെന്നും മത്സരത്തിന് മുൻപ് സൂര്യകുമാർ സഹതാരങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. സ്ലെഡ്ജിംഗിലൂടെയല്ല, മറിച്ച് കളത്തിലെ മികച്ച പ്രകടനത്തിലൂടെ വേണം മറുപടി നൽകാനെന്ന നായകന്റെ വാക്കുകൾ ബിസിസിഐ പുറത്തുവിട്ട വീഡിയോയിലൂടെയാണ് പുറംലോകമറിഞ്ഞത്.
“ആരോടും ഒന്നും പറയാൻ നിൽക്കരുത്, ഓവറുകൾക്കിടയിൽ കൃത്യമായി ഫീൽഡിംഗ് പൊസിഷനുകളിലെത്തുക. നമുക്ക് നല്ല ക്രിക്കറ്റ് കളിച്ച് മികവുകൊണ്ട് ഈ കളി ജയിക്കാം” – സൂര്യകുമാർ ടീമിനോട് പറഞ്ഞു. മത്സരത്തിന് മുന്നോടിയായി പാകിസ്ഥാൻ ടീം പിന്മാറ്റ ഭീഷണി മുഴക്കിയതും ഇന്ത്യയുടെ ‘നോ ഹാൻഡ്‌ഷെയ്ക്ക് പോളിസി’യും വിവാദമായിരുന്നുവെങ്കിലും മൈതാനത്ത് അനാവശ്യ നാടകങ്ങൾ ഉണ്ടാകരുതെന്ന് നായകന് നിർബന്ധമുണ്ടായിരുന്നു. മത്സരത്തിൽ 61 റൺസിനാണ് ഇന്ത്യ പാകിസ്ഥാനെ തകർത്തത്.
Also Read: ‘കളിക്കാതിരുന്നെങ്കിൽ ഈ നാണക്കേട് ഉണ്ടാകില്ലായിരുന്നു’: പാക് ടീമിനെ എയറിലാക്കി ഡാനിഷ് കനേരിയ
അതേസമയം, പാക് നായകൻ ബാബർ അസമിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ രംഗത്തെത്തി. വിരാട് കോഹ്‌ലി മെൽബണിൽ കളിച്ചതുപോലെ സമ്മർദ്ദഘട്ടത്തിൽ ടീമിനെ വിജയത്തിലെത്തിക്കുന്ന ഇന്നിംഗ്സുകൾ ബാബറിൽ നിന്ന് ഉണ്ടാകുന്നില്ലെന്ന് പത്താൻ ചൂണ്ടിക്കാട്ടി. 175 റൺസ് എന്ന ലക്ഷ്യം പിന്തുടരുമ്പോൾ സ്പിന്നർമാർക്കെതിരെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ പോലും ബാബർ ബുദ്ധിമുട്ടുകയാണെന്നും പാക് ബാറ്റിംഗ് നിരയ്ക്ക് ഇന്ത്യ ഉയർത്തിയ ലക്ഷ്യം മറികടക്കാനുള്ള കരുത്തില്ലെന്നും പത്താൻ പരിഹസിച്ചു.
The post വാക്കുകൊണ്ടല്ല, ബാറ്റ് കൊണ്ട് മറുപടി; പാകിസ്ഥാനെതിരെ സ്ലെഡ്ജിംഗ് വേണ്ടെന്ന് സൂര്യകുമാർ യാദവ് appeared first on Express Kerala.


