
ലോകത്തിന്റെ ശക്തിസമവാക്യങ്ങൾ ഇപ്പോൾ മേശപ്പുറത്തെ നയതന്ത്ര ചർച്ചകളിൽ നിന്ന് മാറി, ആകാശത്തെ അദൃശ്യമായ സ്റ്റെൽത്ത് യുദ്ധവിമാനങ്ങളിലേക്കും സമുദ്രത്തിനടിയിലെ അതിമാരക മിസൈലുകളിലേക്കും വഴിമാറിക്കഴിഞ്ഞു. ഒരു വശത്ത് പതിറ്റാണ്ടുകളായി ലോകത്തെ അടക്കിഭരിച്ച അമേരിക്കൻ കരുത്ത്, മറുവശത്ത് ആരെയും അറിയിക്കാതെ, സൈനിക സാങ്കേതികവിദ്യയിൽ വിപ്ലവം സൃഷ്ടിച്ച് “അടുത്ത സൂപ്പർപവർ” എന്ന സിംഹാസനത്തിലേക്ക് അതിവേഗം നടന്നുകയറുന്ന ചൈന. ഈ രണ്ട് മഹാശക്തികളും തമ്മിലുള്ള മത്സരം ഇനി വെറും സാമ്പത്തിക പോരാട്ടമല്ല, മറിച്ച് അത് ലോകത്തിന്റെ അന്ത്യം കുറിക്കാൻ ശേഷിയുള്ള ഒരു രണ്ടാം ശീതയുദ്ധത്തിന്റെ വിളംബരമാണ് എന്നാണ് നിരീക്ഷർ പറയുന്നത് . പലരും കരുതിയതുപോലെ ചൈന ഇപ്പോൾ വെറുമൊരു സാമ്പത്തിക ശക്തിമാത്രമല്ല, ശത്രുവിന്റെ റഡാറുകളെ കണ്ണുവെട്ടിച്ച് പറക്കുന്ന വിമാനങ്ങളും, ഭൂഖണ്ഡങ്ങൾ താണ്ടി കൃത്യമായി ലക്ഷ്യത്തിലെത്തുന്ന ഹൈപ്പർസോണിക് മിസൈലുകളും ചൈനയുടെ ആയുധപ്പുരയിൽ നിറയുകയാണ്. ഇതിനിടയിലാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് അമേരിക്കയുടെ ആ പ്രതിരോധ റിപ്പോർട്ട് പുറത്തുവരുന്നത്
ചൈനയുടെ ഡ്രാഗൺ കരുത്തിനെ തടഞ്ഞുനിർത്താൻ അമേരിക്കയ്ക്ക് ഇനി 200 ബി-21 സ്റ്റെൽത്ത് ബോംബറുകളും 185 എഫ്-47 ആറാം തലമുറ യുദ്ധവിമാനങ്ങളും അത്യാവശ്യമാണ്!
ലോകത്തിലെ ഏറ്റവും ശക്തിയേറിയ സൈന്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കൻ വ്യോമസേന പോലും ഇത്രയും ഭീമമായ ആയുധശേഖരം വേണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിൽ, ചൈന പടുത്തുയർത്തിയിരിക്കുന്ന സൈനിക സാമ്രാജ്യം എത്രത്തോളം വലുതായിരിക്കും? പസഫിക് സമുദ്രത്തിലെ ശാന്തതയ്ക്ക് പിന്നിൽ ഒരു കൊടുങ്കാറ്റായി ചൈന വിശ്വരൂപം പൂണ്ടു കഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് എയർഫോഴ്‌സ് ആൻഡ് സ്‌പേസ് അസോസിയേഷന്റെ (AFA) മിച്ചൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എയ്‌റോസ്‌പേസ് സ്റ്റഡീസാണ്. “സ്ട്രാറ്റജിക് അറ്റാക്ക് : പ്രെസെർവിങ് ദി എയർ ഫോഴ്സ് ’സ് എബിലിറ്റി ടു ഡിനെ എനിമി സാങ്ക്ച്വറിസ് ” എന്ന തലക്കെട്ടിലാണ് പഠനം പുറത്തിറങ്ങിയിരിക്കുന്നത്. പ്രതിരോധ മേഖലയിൽ ഏറെ പ്രാധാന്യമുള്ള ഈ റിപ്പോർട്ട്, അമേരിക്കൻ എയർഫോഴ്സിലെ മുൻ ഉദ്യോഗസ്ഥരും പ്രതിരോധ തന്ത്ര വിദഗ്ധരുമായ കേണൽ മാർക്ക് എ. ഗൺസിംഗർ, ഹീതർ ആർ. പെനി എന്നിവരുടെ നേതൃത്വത്തിലാണ് തയ്യാറാക്കപ്പെട്ടത്. റിപ്പോർട്ടിന്റെ ഉള്ളടക്കം വെറും ആയുധങ്ങളുടെ എണ്ണം സംബന്ധിച്ച ചർച്ചകളിൽ മാത്രം ഒതുങ്ങുന്നില്ല; മറിച്ച്, അമേരിക്കൻ വ്യോമസേനയുടെ ഭാവി തന്ത്രപരമായ ആക്രമണ ശേഷി എങ്ങനെ നിലനിർത്തണം എന്നതാണ് ഇതിന്റെ ആഴത്തിലുള്ള ലക്ഷ്യം.
ചൈനയുടെ സൈനിക ശക്തിവികസനം കഴിഞ്ഞ വർഷങ്ങളായി അതിവേഗത്തിലാണ് മുന്നേറുന്നത്. പ്രത്യേകിച്ച്, ചൈന നടത്തുന്ന സൈനിക പരേഡുകളിൽ പ്രദർശിപ്പിക്കുന്ന പുതിയ ആയുധ സംവിധാനങ്ങൾ ലോകത്തെ തന്നെ അമ്പരപ്പിച്ചിട്ടുണ്ട്. കപ്പൽവിരുദ്ധ മിസൈലുകൾ, ഹൈപ്പർസോണിക് ആയുധങ്ങൾ, അത്യാധുനിക യുദ്ധ ഡ്രോണുകൾ, ആണവായുധ വിന്യാസത്തിന് ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകൾ എന്നിവ ഉൾപ്പെടെ നിരവധി നൂതന സംവിധാനങ്ങളാണ് ചൈനയുടെ ആയുധശേഖരത്തിലേക്ക് ചേർക്കപ്പെടുന്നത്. ഇവയിൽ ചിലത് തായ്‌വാനെ മാത്രമല്ല, പസഫിക് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ആക്രമിക്കാൻ ശേഷിയുള്ളതാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇതോടെ, തായ്‌വാനുമായി ബന്ധപ്പെട്ട ഒരു സങ്കൽപ്പിക സംഘർഷം യാഥാർത്ഥ്യമായി മാറിയാൽ അമേരിക്കയ്ക്ക് വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്ന ആശങ്ക ശക്തമാണ്.
ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ “എയർ ഡൊമിനൻസ്” എന്ന ആശയം വീണ്ടും പരീക്ഷിക്കപ്പെടുന്നത്. ശത്രുവിന്റെ വ്യോമ പ്രതിരോധം തകർക്കുകയും, ദൂരെയുള്ള ലക്ഷ്യങ്ങളിലേക്ക് കടന്ന് ആക്രമണം നടത്തുകയും, സമുദ്രത്തിലെയും കരയിലെയും തന്ത്രപ്രധാന കേന്ദ്രങ്ങളെ തകർക്കുകയും ചെയ്യുന്ന ശേഷിയാണ് അമേരിക്കയുടെ വ്യോമശക്തിയുടെ അടിസ്ഥാന തൂൺ. എന്നാൽ ചൈനയുടെ മിസൈൽ ശേഷി വർധിച്ചതോടെ, അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും കപ്പൽ സംഘങ്ങൾക്കും സുരക്ഷിതമായ “സാങ്ക്ച്വറി” മേഖലകൾ (Sanctuaries) കുറയുകയാണ്. അതായത്, മുമ്പ് അമേരിക്കയ്ക്ക് സുരക്ഷിതമായിരുന്നതായി കരുതിയ ചില മേഖലകൾ പോലും ഇനി ചൈനയുടെ ആക്രമണ പരിധിയിലായിരിക്കും. ഇതാണ് റിപ്പോർട്ട് ഉന്നയിക്കുന്ന പ്രധാന ആശങ്കകളിൽ ഒന്ന്.
റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നതുപോലെ, അമേരിക്കയുടെ നിലവിലെ പദ്ധതി കുറഞ്ഞത് 100 ബി-21 റെയ്ഡർ (B-21 Raider) പുതുതലമുറ സ്റ്റെൽത്ത് ബോംബറുകൾ വാങ്ങുകയെന്നതാണ്. കൂടാതെ, എഫ്-47 (F-47) എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്ന പുതിയ ആറാം തലമുറ യുദ്ധവിമാന പദ്ധതിയുടെ ഭാഗമായി ഏകദേശം 185 വിമാനങ്ങൾ കൂടി വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ റിപ്പോർട്ട് പറയുന്നത് ഈ എണ്ണം “പ്രാധാന്യമുള്ളതായിരുന്നാലും” ചൈന പോലുള്ള ശക്തമായ ശത്രുവിനെ നേരിടാൻ ഇത് മതിയാകില്ല എന്നാണ്. പ്രത്യേകിച്ച്, ഒരു തായ്‌വാൻ സംഘർഷത്തിൽ ചൈനയുടെ ഭൂഖണ്ഡത്തിൽ നിന്നും മിസൈൽ ആക്രമണങ്ങൾ നടത്താനുള്ള ശേഷി നിലനിൽക്കുമ്പോൾ, അമേരിക്കയ്ക്ക് ചൈനയുടെ ആക്രമണ കേന്ദ്രങ്ങളെ “സാങ്ക്ച്വറി” ആയി നിലനിർത്താൻ അനുവദിക്കാനാവില്ല. ശത്രുവിന്റെ സുരക്ഷിത കേന്ദ്രങ്ങളെ ഇല്ലാതാക്കുന്ന രീതിയിൽ ആക്രമണം നടത്താനുള്ള ശക്തി അമേരിക്കൻ വ്യോമസേനയ്ക്ക് ഉണ്ടായിരിക്കണം എന്നതാണ് റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്ന തന്ത്രപരമായ ആശയം.
Also Read: ശത്രു ബങ്കറുകൾ ഇനി ചാരമാകും! ‘ഹാമർ’ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ മോദിയും മാക്രോണും കൈകോർക്കുന്നു?
ഇവിടെ B-21 ബോംബറിന്റെ പ്രാധാന്യം അതീവ നിർണായകമാണ്. B-21 റെയ്ഡർ എന്നത് അമേരിക്ക വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ തലമുറ സ്റ്റെൽത്ത് ബോംബറാണ്. റഡാറിൽ പിടികൂടാൻ കഴിയാത്ത രീതിയിലുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യയും, ദീർഘദൂരത്തിൽ ആക്രമണം നടത്താനുള്ള കഴിവും, ആണവ-സാധാരണ ആയുധങ്ങൾ രണ്ടും വഹിക്കാൻ കഴിയുന്ന ശേഷിയും ഈ വിമാനത്തെ ഭാവിയിലെ യുദ്ധഭൂമിയിലെ പ്രധാന ആയുധമാക്കുന്നു.
അതേസമയം, റിപ്പോർട്ടിൽ പരാമർശിക്കുന്ന F-47 എന്നത് അമേരിക്കയുടെ ഭാവിയിലെ ആറാം തലമുറ യുദ്ധവിമാന പദ്ധതിയുമായി ബന്ധപ്പെട്ട ആശയമാണ്. ഇത് പരമ്പരാഗത ഫൈറ്റർ ജെറ്റുകൾ പോലെ മാത്രം പ്രവർത്തിക്കുന്നതല്ല, മറിച്ച് “നെറ്റ്‌വർക്ക് സെന്റ്രിക്” യുദ്ധസങ്കേതത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ തീരുമാനങ്ങൾ എടുക്കുന്ന, ഡ്രോണുകളെ നിയന്ത്രിക്കുന്ന, ദീർഘദൂരത്തിൽ ആക്രമണവും പ്രതിരോധവും ഒരുപോലെ നടത്താൻ കഴിയുന്ന ഒരു അത്യാധുനിക വ്യോമയാന സംവിധാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വിമാനങ്ങൾ അമേരിക്കയ്ക്ക് ആകാശമേധാവിത്വം നിലനിർത്താനും, ചൈനയുടെ ഫൈറ്റർ ഫ്ലീറ്റിനെയും എയർ ഡിഫൻസ് നെറ്റ്‌വർക്കിനെയും നേരിടാനും നിർണായകമാകും.
റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്ന ആശയം വളരെ വ്യക്തമാണ് ചൈനയുടെ ഭൂഖണ്ഡത്തിൽ നിന്നുള്ള മിസൈൽ ആക്രമണ ശേഷി തുടർന്നാൽ, അമേരിക്കയ്ക്ക് തായ്‌വാനെ സംരക്ഷിക്കാൻ പോലും പ്രയാസമാകും. കാരണം, ചൈനയ്ക്ക് “A2/AD” അഥവാ ആന്റി -അക്സസ്സ് /ഏരിയൽ ഡിനിയിൽ എന്ന പേരിൽ അറിയപ്പെടുന്ന തന്ത്രപരമായ പ്രതിരോധ ചട്ടക്കൂട് ശക്തമായി വികസിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ അമേരിക്കൻ വിമാനങ്ങളെയും കപ്പലുകളെയും തായ്‌വാനിലേക്കോ ചൈനയുടെ സമീപ മേഖലകളിലേക്കോ അടുക്കാൻ അനുവദിക്കാതിരിക്കുകയാണ് ചൈനയുടെ ലക്ഷ്യം. ഇതിനെ മറികടക്കാൻ അമേരിക്കയ്ക്ക് കൂടുതൽ സ്റ്റെൽത്ത് ബോംബറുകളും കൂടുതൽ അഡ്വാൻസ്ഡ് ഫൈറ്റർ ജെറ്റുകളും ആവശ്യമാണ് എന്നാണ് റിപ്പോർട്ട് പറയുന്നത്.
കൂടാതെ, റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത് ഒരു യുദ്ധസാഹചര്യത്തിൽ വിമാനം നഷ്ടപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലായിരിക്കുമെന്നതാണ്. അതിനാൽ തന്നെ, കുറഞ്ഞ എണ്ണം വിമാനങ്ങൾ മാത്രം ഉണ്ടായാൽ അമേരിക്കയ്ക്ക് ദീർഘകാലമായി യുദ്ധം തുടരാൻ സാധിക്കില്ല. ചൈനയുടെ ആക്രമണ ശേഷി തകർക്കാൻ ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനിൽക്കുന്ന ആക്രമണങ്ങൾ ആവശ്യമാകും. അതിനായി ആവശ്യമായ എണ്ണം വിമാനങ്ങളും, ആയുധങ്ങളും, പൈലറ്റുകളും, പരിപാലന സൗകര്യങ്ങളും അമേരിക്കയ്ക്ക് വേണം. ഈ യാഥാർത്ഥ്യമാണ് റിപ്പോർട്ട് അക്കങ്ങളിലൂടെ തുറന്നുകാട്ടുന്നത്.
റിപ്പോർട്ടിനെ അടിസ്ഥാനമാക്കി യൂറോഏഷ്യൻ ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വ്യക്തമാക്കുന്നത്, നിലവിൽ യുഎസ്എഎഫ് പരിഗണിക്കുന്ന 100 B-21, 185 F-47 എന്ന എണ്ണം ഭാവിയിലെ വലിയൊരു അമേരിക്കൻ-ചൈന സംഘർഷത്തിൽ അപര്യാപ്തമാകുമെന്നാണ്. അതിനാൽ, B-21 ബോംബറുകളുടെ എണ്ണം കുറഞ്ഞത് 200 ആയി വർധിപ്പിക്കണമെന്നും, ഫൈറ്റർ ശേഷി ശക്തിപ്പെടുത്തുന്നതിനായി F-47 പോലുള്ള ആറാം തലമുറ വിമാനങ്ങളുടെ എണ്ണം കൂടുതൽ ഉയർത്തണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. ഈ നിർദേശം വെറും ഒരു കണക്കുകൂട്ടൽ അല്ല മറിച്ച്, ചൈനയുടെ സൈനിക വികസന വേഗത കണക്കിലെടുത്തുള്ള ഒരു “സ്ട്രാറ്റജിക് മുന്നറിയിപ്പ്” ആയി തന്നെയാണ് ഇത് കണക്കാക്കപ്പെടുന്നത്.
ഇത്തരം റിപ്പോർട്ടുകൾ പുറത്തുവരുന്നത് തന്നെ അമേരിക്കയുടെ പ്രതിരോധ മേഖലയിൽ പുതിയൊരു ഉണർവ് സൃഷ്ടിച്ചിരിക്കുകയാണ്. കാരണം, അമേരിക്കയ്ക്ക് ഇന്ന് നേരിടേണ്ടി വരുന്ന വെല്ലുവിളി ഒരു സാധാരണ ശത്രുവല്ല; മറിച്ച് സാമ്പത്തികമായും സാങ്കേതികമായും സൈനികമായും അതിവേഗം വളരുന്ന ഒരു “സമാന ശക്തി”യാണ് ചൈന. അതിനാൽ തന്നെ, പഴയ യുദ്ധ മാതൃകകൾ ഇനി മതിയാകില്ലെന്നും, കൂടുതൽ വലിയ വിമാന ഫ്ലീറ്റ്, കൂടുതൽ ദീർഘദൂര ആക്രമണ ശേഷി, കൂടുതൽ സ്റ്റെൽത്ത് പ്ലാറ്റ്‌ഫോമുകൾ എന്നിവ അമേരിക്കയ്ക്ക് അനിവാര്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ആകെ വിലയിരുത്തുമ്പോൾ, B-21 ബോംബറുകളും F-47 പോലുള്ള ആറാം തലമുറ യുദ്ധവിമാനങ്ങളും സംബന്ധിച്ച ഈ റിപ്പോർട്ട് ഒരു സൈനിക വാങ്ങൽ നിർദേശമല്ല, മറിച്ച് അമേരിക്കയുടെ ഭാവിയിലെ യുദ്ധ തന്ത്രത്തിന്റെ ദിശയെക്കുറിച്ചുള്ള ഒരു ശക്തമായ മുന്നറിയിപ്പാണ്. തായ്‌വാനെ ചുറ്റിപ്പറ്റിയുള്ള സംഘർഷം യാഥാർത്ഥ്യമാകുന്ന സാഹചര്യത്തിൽ, ചൈനയുടെ ആക്രമണ കേന്ദ്രങ്ങളെ “സുരക്ഷിത അഭയകേന്ദ്രങ്ങൾ” ആയി നിലനിർത്താൻ അനുവദിക്കാതെ, അവയെ നേരിട്ട് ലക്ഷ്യമിട്ട് ആക്രമിക്കാൻ അമേരിക്കയ്ക്ക് കഴിവുണ്ടാകണം എന്നതാണ് റിപ്പോർട്ടിന്റെ മുഖ്യ സന്ദേശം. അതിന് ആവശ്യമായത് കൂടുതൽ ബോംബറുകളും കൂടുതൽ അത്യാധുനിക ഫൈറ്റർ ജെറ്റുകളും ആണെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ, ലോകം വീണ്ടും ഒരു വലിയ ആയുധ മത്സരം കാണാനിരിക്കുകയാണോ എന്ന ചോദ്യവും കൂടുതൽ ശക്തമായി ഉയരുകയാണ്.
വീഡിയോ കാണാം…
The post ചൈനയെ നേരിടാൻ അമേരിക്കയ്ക്ക് 100 പോരാ, 200 വേണം! അമേരിക്കൻ വ്യോമസേനയുടെ ആത്മവിശ്വാസം തകർക്കുന്ന ‘മിച്ചൽ ഇൻസ്റ്റിറ്റ്യൂട്ട്’ റിപ്പോർട്ട്! appeared first on Express Kerala.


