
പിസി വിപണിയിൽ വൻ ചലനങ്ങൾ ലക്ഷ്യമിട്ട് ആപ്പിളിന്റെ പുതിയ ബജറ്റ് മാക്ബുക്ക് മോഡൽ പുറത്തിറങ്ങാനൊരുങ്ങുന്നു. നിലവിലുള്ള മാക്ബുക്ക് എയർ വേരിയന്റിന് താഴെയായിരിക്കും ഈ പുത്തൻ പതിപ്പിന്റെ സ്ഥാനം. വില കുറയ്ക്കുന്നതിനായി 12 ഇഞ്ച് ഡിസ്‌പ്ലേയുമായിട്ടായിരിക്കും ഈ മോഡൽ എത്തുകയെന്നാണ് സൂചന. ആപ്പിളിന്റെ തനതായ പ്രീമിയം ബിൽഡ് ക്വാളിറ്റി നിലനിർത്തിക്കൊണ്ട് തന്നെ, വിദ്യാർത്ഥികളെയും സാധാരണ ഉപയോക്താക്കളെയും ലക്ഷ്യമിട്ടുള്ള ആകർഷകമായ വർണ്ണങ്ങളിൽ ഈ ലാപ്ടോപ്പുകൾ വിപണിയിലെത്തും.
വില നിയന്ത്രിക്കുന്നതിനായി ആപ്പിളിന്റെ ഐഫോൺ ചിപ്‌സെറ്റുകൾ ഈ മാക്ബുക്കുകളിൽ ഉപയോഗിച്ചേക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് ഉപകരണം കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനൊപ്പം ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ സുഗമമായി പ്രവർത്തിപ്പിക്കാനും സഹായിക്കും. 8 ജിബി റാം, കുറഞ്ഞ യുഎസ്ബി-സി പോർട്ടുകൾ, സാധാരണ എൽസിഡി പാനൽ എന്നിവയായിരിക്കും ഇതിന്റെ മറ്റ് സവിശേഷതകൾ. സാധാരണ മാക്ബുക്കുകളെ അപേക്ഷിച്ച് ഡിസ്‌പ്ലേയുടെ ബ്രൈറ്റ്‌നസ്സിൽ നേരിയ കുറവുണ്ടായേക്കാം.
ഏകദേശം $699 (60,900 രൂപയോളം) ആയിരിക്കും ഈ ബജറ്റ് മോഡലിന്റെ വിപണി വില എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വാങ്ങുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക കിഴിവിലൂടെ $599 (48,900 രൂപയോളം) നിരക്കിൽ ഇത് സ്വന്തമാക്കാൻ സാധിച്ചേക്കും. ഗൂഗിളിന്റെ ക്രോംബുക്കുകൾക്കും മറ്റ് ബജറ്റ് വിൻഡോസ് ലാപ്ടോപ്പുകൾക്കും കടുത്ത വെല്ലുവിളിയാകാൻ ആപ്പിളിന്റെ ഈ പുതിയ നീക്കം സഹായിക്കും.
The post ലാപ്ടോപ്പ് വിപണി പിടിച്ചടക്കാൻ ആപ്പിൾ; വരുന്നു താങ്ങാനാവുന്ന വിലയിൽ മാക്ബുക്ക്! appeared first on Express Kerala.


