
ദുബായിലെ പൊതുഗതാഗത ശൃംഖല ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 2025-ൽ വൻ വർധനവ് രേഖപ്പെടുത്തി. മുൻവർഷത്തെ അപേക്ഷിച്ച് 7.4 ശതമാനം വളർച്ചയോടെ 80.21 കോടി ആളുകളാണ് കഴിഞ്ഞ വർഷം മെട്രോയും ബസ്സും ഉൾപ്പെടെയുള്ള സേവനങ്ങൾ പ്രയോജനപ്പെടുത്തിയത്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രതിദിനം ശരാശരി 22 ലക്ഷം പേർ ദുബായിൽ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നുണ്ട്. ഒക്ടോബർ മാസത്തിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. ഏകദേശം 7.28 കോടി യാത്രക്കാരാണ് ഈ മാസം മാത്രം യാത്ര ചെയ്തത്. നവംബർ, ഡിസംബർ മാസങ്ങളിലും തിരക്ക് സമാനമായ രീതിയിൽ തുടർന്നു.
പൊതുഗതാഗതത്തിന് പുറമെ ടാക്സികളെയും ഷെയേർഡ് മൊബിലിറ്റി സേവനങ്ങളെയും ജനങ്ങൾ വൻതോതിൽ സ്വീകരിക്കുന്നുണ്ടെന്നാണ് ആർടിഎയുടെ റിപ്പോർട്ട്. 12 കോടി ടാക്സി യാത്രകളും 4.1 കോടി ഷെയേർഡ് മൊബിലിറ്റി യാത്രകളും 2025-ൽ നടന്നു. പ്രീമിയം ലിമോസിൻ സേവനം ഉപയോഗിച്ചവരുടെ എണ്ണം 2.36 കോടിയായി ഉയർന്നതും ശ്രദ്ധേയമാണ്. സ്വകാര്യ കാറുകളുടെ ഉപയോഗം കുറച്ച് സുസ്ഥിരമായ യാത്രാസംസ്കാരത്തിലേക്ക് നഗരം മാറുന്നതിന്റെ സൂചനയാണിതെന്ന് അധികൃതർ വിലയിരുത്തുന്നു. കൂടുതൽ കാര്യക്ഷമവും വേഗമേറിയതുമായ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ പൊതുഗതാഗത മേഖലയിൽ ഇനിയും വലിയ മുന്നേറ്റങ്ങൾ ആർടിഎ ലക്ഷ്യമിടുന്നുണ്ട്.
The post ദുബായിൽ പൊതുഗതാഗതത്തിന് റെക്കോർഡ് കുതിപ്പ്! 2025-ൽ യാത്ര ചെയ്തത് 80 കോടിയിലധികം പേർ appeared first on Express Kerala.


