ബെംഗളൂരു: കർണാടകയിൽ പോലീസെന്ന വ്യാജേന എത്തിയ സംഘം റിയൽ എസ്റ്റേറ്റ് വ്യാപാരിയുടെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപയും അരക്കിലോ സ്വർണ്ണാഭരണങ്ങളും കവർന്നു. ബി.ഇ.എൽ ലേഔട്ടിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.15-ഓടെയാണ് കവർച്ച നടന്നത്. റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ഹോംബലേഗൗഡ (53), ഭാര്യ മംഗളമ്മ, ഇവരുടെ പേരക്കുട്ടി എന്നിവർ വീട്ടിലുണ്ടായിരുന്ന സമയത്താണ് നാലംഗ സംഘം അതിക്രമിച്ചു കയറിയത്. സബ് ഇൻസ്പെക്ടറുടെ യൂണിഫോം ധരിച്ച ഒരാളും സിവിൽ വേഷത്തിലുള്ള മൂന്ന് പേരുമാണ് സംഘത്തിലുണ്ടായിരുന്നത്.
യെലഹങ്ക പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ സംഘം, പ്രദേശത്തെ ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീടിനുള്ളിൽ കടന്നത്. അകത്തുകയറിയ ഉടൻ തോക്കും കത്തിയും കാണിച്ച് വീട്ടുകാരെ ഭീഷണിപ്പെടുത്തി ഹോംബലേഗൗഡയെയും ഭാര്യയെയും ടേപ്പ് ഉപയോഗിച്ച് കെട്ടിയിട്ടു. ശേഷം കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപയും അരക്കിലോ സ്വർണ്ണവും ദമ്പതികളുടെ മൊബൈൽ ഫോണുകളും തട്ടിയെടുത്ത ശേഷം സംഘം കടന്നുകളയുകയായിരുന്നു. നിലവിൽ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങൾ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
The post യൂണിഫോമിലെത്തിയ ‘കള്ളന്മാർ’; ബെംഗളൂരുവിൽ 20 ലക്ഷവും അരക്കിലോ സ്വർണ്ണവും കവർന്നു appeared first on Express Kerala.


